നവകേരളസദസ് : 16, 17 തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍

Kerala Pathanamthitta Politics
Print Friendly, PDF & Email

വിളംബരജാഥ 15 ന് വൈകിട്ട് 4ന് നഗരംചുറ്റും 13,14 തീയതികളില്‍ പഞ്ചായത്തുതല വിളംബരജാഥകള്‍

പത്തനംതിട്ട – സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ പദ്ധതികള്‍ വിശദീകരിക്കാനും ജനകീയ പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങള്‍ക്കു മുന്നിലെത്തുന്ന നവകേരള സദസിനെ വരവേല്‍ക്കാനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ആരോഗ്യ, വനിതാ-ശിശു വികസനമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയില്‍ നവകേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. നവകേരളസദസിന് മുന്നോടിയായി 13, 14 തീയതികളില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വിളംബരഘോഷയാത്ര നടത്തും. തുടര്‍ന്ന് 15ന് വാദ്യമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ ജില്ലയിലെ ജനപ്രതിനിധികളുടേയും, പൗരപ്രമുഖരുടേയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തത്തോടെ വന്‍വിളംബരഘോഷയാത്ര ജില്ലാ തലത്തില്‍ സംഘടിപ്പിക്കും. സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി അബാന്‍ ജംഗ്ഷനില്‍ അവസാനിക്കും. ഡിസംബര്‍ 16 ന് വൈകിട്ട് 5.30 ഓടെ ജില്ലയിലേക്ക് പ്രവേശിക്കുന്ന മുഖ്യമന്ത്രിയടങ്ങുന്ന സംഘത്തിന് ജില്ലാതിര്‍ത്തിയില്‍ വന്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകിട്ട് ആറിന് തിരുവല്ല എസ് സി എസ് ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യസദസ് അരങ്ങേറും.

17 ന് രാവിലെ ഒന്‍പതിന് ആറന്‍മുള മണ്ഡലത്തിലെ സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. തുടര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. നവകേരളസദസിന് മുന്‍പായി ജില്ലാ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെ കലാപരിപാടികള്‍ അരങ്ങേറും. നിവേദനം സ്വീകരിക്കുന്നതിനായി 21 കൗണ്ടറുകള്‍ സജ്ജമാക്കും. ഇത് രാവിലെ എട്ട് മുതല്‍ പ്രവര്‍ത്തിക്കും. ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, പൊതുവിഭാഗം എന്നിങ്ങനെ വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിക്കും.

എംഎല്‍എമാരുടെ നേതൃത്വത്തിലാണു മണ്ഡലതല സംഘാടകസമിതികള്‍ രൂപീകരിച്ചത്. ഓരോ മണ്ഡലത്തിലേയും ക്രമീകരണങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിരുന്നു. പഞ്ചായത്തുതല സംഘാടകസമിതികളും രൂപീകരിച്ചു. ജനങ്ങളുമായി സംവദിക്കുന്ന വീട്ടുമുറ്റസദസുകള്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും പൂര്‍ത്തിയാക്കി. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിച്ചു. നവകേരളസദസുമായി ബന്ധപ്പെട്ട് മണ്ഡലതലത്തില്‍ വിവിധ കായിക-കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.

സദസ് നടത്തിപ്പിനായുള്ള ഒരുക്കങ്ങള്‍ അതത് വേദികളില്‍ പൂര്‍ത്തിയാക്കി വരികയാണ് . ടോയ്ലെറ്റുകള്‍, കുടിവെള്ളം തുടങ്ങിയവ വേദികളില്‍ ഉറപ്പാക്കും. പരിപാടി കഴിഞ്ഞാലുടന്‍ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ വേദികള്‍ വൃത്തിയാക്കും. വേദിക്കരുകിലായി മെഡിക്കല്‍ടീമിനെ വിന്യസിക്കും.

ഡിസംബര്‍ 16-ന് വൈകുന്നേരം ആറിന് തിരുവല്ല എസ് സി എസ് ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യ നവകേരളസദസ്. 17-ന് രാവിലെ 11-ന് ആറന്മുള മണ്ഡലത്തിലെ സദസ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലും ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി മാര്‍ സേവിയസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും വൈകുന്നേരം നാലിന് കോന്നി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് അടൂര്‍ വൈദ്യന്‍സ് ഗ്രൗണ്ടില്‍ അടൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സും നടക്കും. വന്‍ജനപങ്കാളിത്തത്തോടെ സംസ്ഥാനമൊട്ടാകെ ഓരോ നിയമസഭാ മണ്ഡലത്തിലും സംഘടിപ്പിച്ചു വരുന്ന നവകേരള സദസ്സിനായി വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *