സുരക്ഷയോടെ സന്നിധാനം ; ഇന്ന് വെർച്ച്വൽ ക്യൂ വഴി 43,595 ഭക്തരെത്തി

Kerala Pathanamthitta Special
Print Friendly, PDF & Email

സന്നിധാനം – ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം ദിനം പ്രതി ഉയരുമ്പോൾ സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂർണ്ണ സജ്ജമാണ്. വെർച്ച്വൽ, ക്യൂ വഴി 43,595 തീർത്ഥാടകർ ഇന്ന് സന്നിധാനത്തെത്തി. ഇതുവരെ ആകെ 15,82,536 ലക്ഷം ഭക്തരാണ് ഈ സീസണിൽ ദർശനം നടത്തിയത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാനനപാതയിൽ ഓരോ താവളങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നതിന് അനുസരിച്ചാണ് കടത്തിവിടുന്നത്. സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിൽ റവന്യൂ സ്‌ക്വാഡിനെയും പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ചയെകാൾ കൂടുതലായി ഒരു മിനിറ്റിൽ 80-85 പേരെയാണ് പതിനെട്ടാം പടിയിലൂടെ കയറ്റിവിടുന്നത്. നടപ്പന്തലിൽ മാളികപ്പുറങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ പ്രത്യേക നടപ്പാതയും അയ്യപ്പ ദർശനം എളുപ്പത്തിലാക്കുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കായി 1950 പോലീസുകാരെയാണ് ശബരിമലയിലാകെ വിന്യസിപ്പിച്ചിട്ടുള്ളത്. സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്കും ഉദ്യോഗസ്ഥകർക്കും ജീവനക്കാർക്കും ദാഹമകറ്റാൻ ദേവസ്വം ബോർഡിന്റെ സൗജന്യ ചുക്ക് വെള്ളവും ബിസ്കറ്റും വിതരണവും സജീവമാണ്.

കാനനപാതയിൽ ജല അഥോറിറ്റിയുടെ പമ്പാ തീർഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കേന്ദ്രങ്ങളും പൂർണ്ണ സജ്ജം. ഭക്തജന തിരക്കിനെ തുടർന്ന് പമ്പയിൽ പുതിയ കിയോസ്കുകളും സജ്ജമായി.

Leave a Reply

Your email address will not be published. Required fields are marked *