റാന്നി: മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ അമ്മയെ ക്രൂരമായി ആക്രമിച്ച് വിരലടിച്ചൊടിച്ച മകനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി കരികുളം പഴവങ്ങാടി അമ്മച്ചിക്കാട് തെങ്ങുംതറയിൽ വീട്ടിൽ ജോബി ജേക്കബ് ജോർജ് (43) ആണ് പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ടെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ ജോബി, മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ട് അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. മുൻപും ഇയാൾക്കെതിരെ അമ്മയെ മർദ്ദിച്ചതിന് പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. അപ്പോഴെല്ലാം സ്റ്റേഷനിൽ വിളിച്ചുവരുത്തി മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നു.
എന്നാൽ ഞായറാഴ്ച വീണ്ടും പണമാവശ്യപ്പെട്ട് എത്തിയ ഇയാൾ അമ്മയെ പശുത്തൊഴുത്തിൽ നിന്ന് വലിച്ചിഴച്ച് പുറത്തിടുകയും തല ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. തുടർന്ന് കമ്പുകൊണ്ട് അടിച്ചതിനെ തുടർന്നാണ് അമ്മയുടെ വിരലിന് പൊട്ടലേറ്റത്.
സംഭവത്തിന് പിന്നാലെ കേസെടുത്ത റാന്നി പോലീസ് സബ് ഇൻസ്പെക്ടർ സിബി എസ്., പോലീസ് ഉദ്യോഗസ്ഥരായ നിതിൻ, അസീബ് അസീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


