കോവിഡ് വകഭേദം പിടിപെട്ടാൽ അപകടമെന്ന് കനേഡിയൻ പഠനം

Health
Print Friendly, PDF & Email

ന്യൂഡൽഹി – കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വൈറസ് ഒരിക്കൽ പിടിപെട്ടവരിൽ വീണ്ടും ആ അസുഖം വരാൻ 48 മടങ്ങ്‌ സാദ്ധ്യതയെന്ന്‌ കനേഡിയൻ പഠനം. കാനഡയിലെ മക്‌മാസ്‌റ്റർ സർവകലാശാലയിലെ വിദഗ്‌ധരാണ്‌ പഠനത്തിനു ശേഷം മെഡിക്കൽ ബുള്ളറ്റിനിലൂടെ ലോകത്തെ അറിയിച്ചത്‌.

നാലുതവണ കോവിഡ്‌ പ്രതിരോധ വാക്‌സിൻ എടുത്ത, പ്രായം ചെന്നവരിലായിരുന്നു കൂടുതലും പഠനം നടത്തിയത്‌. 2022 ജൂലൈ മുതൽ സെപ്‌റ്റംബർ വരെയായിരുന്നു പഠന കാലയളവ്‌. ആ സമയം കാനഡയിൽ ഒമിക്രോണിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുകയായിരുന്നു. രണ്ടാം തരംഗത്തിൽ കോവിഡ്‌ ബാധിച്ചവരിൽ ബഹുഭൂരിപക്ഷവും മുമ്പ്‌ കോവിഡ്‌ ബാധിച്ചവർ തന്നെയായിരുന്നു. വാക്‌സിനേഷനു പുറമേ, മുമ്പ് കോവിഡ്‌ വന്നു പോയ ശേഷം രൂപപ്പെട്ട ആർജിത പ്രതിരോധ ശേഷിയുള്ളവരിലും ഒമിക്രോൺ വീണ്ടും ബാധിച്ചിരുന്നു. രക്‌തത്തിൽ രോഗപ്രതിരോധ ശേഷിക്കുള്ള ആന്റിബോഡികളുടെ അളവ്‌ കുറവുള്ളവരിലായിരുന്നു കൂടുതൽ രോഗബാധയുണ്ടായതെന്നാണു പഠന റിപ്പോർട്ട്‌. അതേസമയം, പ്രായക്കൂടുതൽ ഉള്ളവരിൽ വേഗത്തിൽ രോഗപ്പകർച്ചയുണ്ടാകുമോയെന്ന്‌ ഈ പഠനം പറയുന്നില്ല.

വാക്‌സിനേഷനിലൂടെയും കോവിഡ്‌ രോഗം ബാധിച്ചുണ്ടായതിലൂടെയും ലഭിക്കുന്ന ഹൈബ്രിഡ്‌ പ്രതിരോധശേഷി കോവിഡിനെ അതിശക്‌തമായി ചെറുക്കുമെന്ന പരക്കേയുള്ള ധാരണ അടിസ്‌ഥാനരഹിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. കൂടുതൽ പ്രാവശ്യം കോവിഡ്‌ ബാധിച്ചാൽ കൂടുതൽ അളവിൽ പ്രതിരോധശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഒരിക്കലോ ഒന്നിലേറെ തവണയോ കോവിഡ്‌ വന്നു പോയവർ ഇനി രോഗം വരില്ലെന്നു കരുതി അശ്രദ്ധ കാണിക്കരുതെന്ന്‌ പഠനം ഓർമപ്പെടുത്തുന്നു. കോവിഡിനെതിരേ നിതാന്ത ജാഗ്രത ലോകം തുടരണമെന്നും പല രാജ്യങ്ങളിലും കോവിഡ്‌ തരംഗം ഇപ്പോഴും ശക്‌തമാണെന്നും കോവിഡ്‌ രോഗ ഗവേഷകനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പൊതുജനാരോഗ്യ ഉപദേശകസമിതിയംഗവുമായ ഡോ. രാജീവ്‌ ജയദേവൻ ചൂണ്ടിക്കാട്ടി.

കോവിഡിനെത്തുടർന്നുള്ള മരണനിരക്കു കുറഞ്ഞെങ്കിലും രക്‌തക്കുഴലുകളെ ബാധിക്കുന്ന തരം വൈറസ്‌ ആയതിനാൽ വിട്ടുമാറാത്ത പലവിധ ആരോഗ്യ പ്രശ്‌നങ്ങളും കോവിഡ്‌ വരുത്തിവയ്‌ക്കുന്നുണ്ടെന്ന്‌ ഡോ. രാജീവ്‌ ജയദേവൻ പറഞ്ഞു.

വാർത്താ കടപ്പാട് ലിങ്ക് –

Most long COVID patients recover within year, says study

 

Leave a Reply

Your email address will not be published. Required fields are marked *