എലിപ്പനി അപകടകരം : യഥാസമയം ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ്

Health
Print Friendly, PDF & Email

പത്തനംതിട്ട – മരണകാരണമായേക്കാവുന്ന രോഗമായ എലിപ്പനിക്ക് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങൾ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്.
പനി,തലവേദന,കഠിനമായക്ഷീണം,പേശിവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. കടുത്തക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ എലിപ്പനി ബാധിക്കാൻ ഇടയുള്ള സാഹചര്യങ്ങളിൽ സമ്പർക്കം, തൊഴിൽസാഹചര്യങ്ങൾ എന്നിവ ഡോക്ടറെ അറിയിക്കണം.

പനി, പേശിവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ പറഞ്ഞ് മെഡിക്കൽസ്റ്റോറുകളിൽ നിന്നും വേദനസംഹാരികൾ വാങ്ങിക്കഴിക്കുന്നത് അപകടമാണ്. രോഗലക്ഷണങ്ങൾ ഉണ്ടായാൽ തൊട്ടടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടുക. കുറയുന്നില്ല എങ്കിൽ വീണ്ടും ഡോക്ടറെ കാണണം. മലിനമായ മണ്ണിലും വെള്ളത്തിലും ഇറങ്ങാൻ ഇടയായിട്ടുണ്ടെങ്കിൽ അക്കാര്യവും വ്യക്തമാക്കണം.

എലിയുടെ മാത്രമല്ല നായ, പൂച്ച ,കന്നുകാലികൾ എന്നിവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കൈകാലുകളിലെ മുറിവുകളിലൂടെയും കണ്ണിലെയും വായിലെയും നേർത്ത തൊലിയിലൂടെയും രോഗാണുക്കൾക്ക് ശരീരത്തിൽ കടക്കാനാകും. പാദങ്ങളിൽ വിണ്ടു കീറൽ, നഖംവെട്ടിയ ശേഷം ഉണ്ടാകുന്ന ചെറിയ മുറിവുകൾ എന്നിവയിലൂടെയും രോഗാണുക്കൾ പ്രവേശിക്കാം.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത്‌വൃത്തിയാക്കുക, വാഹനങ്ങൾകഴുകുക, കൃഷിപ്പണി, നിർമ്മാണപ്രവൃത്തി, പെയിന്റിംഗ്പണി എന്നിവ കഴിഞ്ഞ് വയലിലും മറ്റുംകെട്ടിനിൽക്കുന്ന വെള്ളത്തിൽ മുഖംകഴുകുക, പണിയായുധങ്ങൾ കഴുകുക, മലിനമായവെള്ളം വായിൽ കൊള്ളുക തുടങ്ങിയവ എലിപ്പനിക്ക് കാരണമാകാം. വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികൾക്കും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്.

വിനോദത്തിനായി മീൻപിടിക്കാൻ ഇറങ്ങുന്നവർ, പാടത്ത് പുല്ല് ചെത്തുന്നവർ, അടുക്കളത്തോട്ടം, പൂന്തോട്ട നിർമ്മാണം എന്നിവയിൽ ഏർപ്പെടുന്ന അമ്മമാർ എന്നിവർക്കും രോഗസാധ്യതയുണ്ട്. ജോലിക്കിറങ്ങുന്നവർ കയ്യുറ, ഗംബൂട്ടുകൾ എന്നീ സുരക്ഷാമാർഗങ്ങൾ ഉപയോഗിക്കണം. തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ ,ശുചീകരണ തൊഴിലാളികൾ, ഹരിത കർമസേന, വർക്ഷോപ്പ് ജീവനക്കാർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ തുടങ്ങിയവർ ജാഗ്രതപാലിക്കണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്ചയിൽ ഒരിക്കൽ ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം. എലിപ്പനിപോലെയുള്ള ജന്തുജന്യ രോഗങ്ങൾ ഒഴിവാക്കാൻ മാലിന്യ സംസ്‌കരണത്തിൽ ശ്രദ്ധിക്കണമെന്നും ജില്ലാമെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *