മാരാമൺ – 131-ാം മാരാമൺ കൺവൻഷൻ അനുഗ്രഹീതമായി പൂർത്തീകരിപ്പാൻ സഹായിച്ച ദൈവത്തിന് നന്ദി. പിന്നിൽ അദ്ധ്വാനിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. ദൈവവചനത്തിന്റെ വ്യാഖ്യാനവും കേഴ്‌വിയും നമ്മെ പുതുക്കത്തിലേക്ക് നയിക്കുന്നതിന് ഇടയാകട്ടെ.
സഭയുടെയും സമൂഹത്തിന്റെയും ഐക്യത്തിന് എതിരായി നിൽക്കുന്ന ശക്തികളെ നേരിടാൻ നമുക്ക് കഴിയണം. അതിന് പ്രായോഗിക ജീവിതത്തിൽ വചനത്തെ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ജീവിതത്തിന്റെ അനുഭവതലത്തിലേക്ക് വചനത്തെ കൊണ്ടുവരുമ്പോൾ മാത്രമാണ് നാം അനുഗ്രഹീതരാകുന്നത്. സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി സഭയ്ക്ക് നിലനിൽക്കാൻ കഴിയണം. നമ്മെ കാണുന്നവർ ക്രിസ്തുവിനെ കാണുന്നതിന് ഇടയാകണം. വലിയ നോമ്പിലേക്ക് നാം പ്രവേശിക്കുകയാണ്. പ്രാർത്ഥനാ, ഉപവാസം, ദാനധർമ്മം എന്നിവയാണ് നോമ്പിന്റെ അടിസ്ഥാനം. ഇത് ശരിയായി പിന്തുടരാൻ കഴിയണം. ലോകം വെല്ലുവളി നിറഞ്ഞതാണ്. അത്തരം വെല്ലുവിളികളെ നേരിടാൻ സഭ തയ്യാറാകണം. ലഹരി, അക്രമണങ്ങൾ തുടങ്ങിയവ സാമൂഹ്യ-ജാതി-മത മേഖലകളിൽ വികലമായ അനുഭവം ഉണ്ടാക്കുന്നു. ഇതിനെതിരെ ക്രിസ്തുവിൽ ആശ്രയിച്ച് എതിർത്ത് നിൽക്കുവാൻ നമുക്ക് കഴിയണം. നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം വിവേകത്തോടെ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. മാരാമൺ കൺവൻഷന്റെ പാരമ്പര്യം പരിശുദ്ധിയുടെ പാരമ്പര്യമാണ്. ആ വിശുദ്ധിയിൽ ഈ ലോകത്തിൽ ജീവിക്കാൻ കഴിയണം.
കുടുംബങ്ങളുടെ നവീകരണം എപ്പോഴും സാധ്യമാകേണ്ടതാണ്. ഈ കാലത്തിൽ ചില കാര്യങ്ങൾ നാം ജീവിതത്തിൽ നിന്നും തള്ളിക്കളയേണ്ടത് ആവശ്യമാണ്. തകർന്നുപോയതിനെ തിരികെപ്പിടിക്കാൻ സാധിക്കണം. ധ്യാനം, പഠനം, പ്രാർത്ഥന, വചനവ്യാഖ്യാനം എന്നിവ നമ്മുടെ ജീവിതത്തിൽ തിരികെപ്പിടിക്കണം. കുടുംബബന്ധങ്ങൾ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു. കുടുംബത്തിൽ രൂപപ്പെടുന്ന ആത്മീയത അനുസരണത്തിന്റെ ആത്മീയതയായി രൂപപ്പെടേണ്ടത് ആവശ്യമാണ്. ബന്ധങ്ങളുടെ നൈർമല്യത കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയണം. തലമുറയുടെ രൂപീകരണം കുടുംബത്തിലൂടെ സാധ്യമാകണം. ആരാധനയും വചനവും തലമുറകളിലേക്ക് പങ്കുവെയ്‌ക്കേണ്ടത് ആവശ്യമാണ്.
മാരാമൺ കൺവൻഷൻ അവസാനിച്ച് നാം പോകുമ്പോൾ കുടുംബമായി യഹോവയെ സേവിക്കും എന്ന് പ്രഖ്യാപിക്കാൻ കഴിയണം. ക്രിസ്തുവാകുന്ന വെളിച്ചത്തിൽ ചരിക്കുവാൻ കഴിയണം. ഇരുളിനെ അകറ്റി വെളിച്ചത്തെ സ്വീകരിക്കുവാൻ നമുക്ക് കഴിയണം. നാം ജീവിക്കുന്ന ഇടങ്ങളിൽ വെളിച്ചമുള്ളവരായി വഴികാട്ടികളായി തീരണം. മറ്റുള്ളവർ ദൈവമുഖം തിരിച്ചറിയുവാൻ നമ്മുടെ ജീവിത്തിലൂടെ ഇടയാകണം. അതിന് ക്രിസ്തുഭാവം നമ്മിൽ രൂപപ്പെടേണ്ടത് ആവശ്യമാണ്.
എന്ത് കിട്ടും എന്നല്ല, മറിച്ച് എനിക്ക് എന്ത് വിട്ടുകൊടുക്കുവാൻ കഴിയും എന്നതാണ് ദിനവും നമ്മെ ഭരിക്കേണ്ടത്. അവയവദാനം നിർവ്വഹിച്ച പത്തുമാസം പ്രായമായ കുഞ്ഞ് ഒരു മാതൃകയാണ് നമുക്ക് മുമ്പിൽ വച്ചിരിക്കുന്നത്. വിട്ടുകൊടുക്കലിന്റെ ഭാവം, വീണ്ടെടുപ്പിന്റെ ഭാവം സമ്മാനിക്കുന്നു. ജീവൻ വീണ്ടെടുക്കുന്ന ശുശ്രൂഷയാണ് നമ്മിൽ നിന്നും ഉണ്ടാകേണ്ടത്. മുറിവുകൾ ഉണങ്ങാൻ അപരനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. പങ്കുവെയ്ക്കുന്നതിലൂടെ പുതുക്കത്തിന്റെ അനുഭവം സാധ്യമാക്കുന്നു. സഭയുടെ അഭയം പദ്ധതിയിലൂടെ അനേക മനുഷ്യരുടെ ജീവിത അനുഭവങ്ങളിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. സമൂഹത്തിൽ ഏത് വിധത്തിലാണ് നാം പ്രയോജനപ്പെടേണ്ടത് എന്ന് നാം ശരിയായി ആലോചിക്കണം.
ദൈവം നമ്മുടെ ജീവിതാനുഭവങ്ങളിൽ ഇടപ്പെടുന്നവനാണ്. ദൈവം ദാനം നൽകിയതിനെ നമുക്ക് പങ്കുവെയ്ക്കുവാൻ കഴിയണം. ഉയിർത്തെഴുന്നേറ്റ ക്രിസ്തു നമ്മുടെ കൂടെ വസിക്കുന്നവനാണ്. ആ ക്രിസ്തുവിനെ പകർന്നു നൽകുവാൻ നമുക്ക് കഴിയണം. നമ്മുടെ ജീവിതത്തിലൂടെയും ശുശ്രൂഷയിലൂടെയും ക്രിസ്തുഭാവം പകരുവാൻ, അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകട്ടെ.

മാരാമൺ കൺവൻഷൻ സമാപന ദിനത്തിലെ ചിത്രങ്ങൾ.


