മംഗളാശംസകൾ നേരാം.. !! 62 ആം വയസില്‍ വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ കുറ്റൂരുകാരന്‍ രാധാകൃഷ്ണന് തുണയാകുന്നത് അടൂരുകാരി മല്ലിക

Kerala Pathanamthitta Special
Print Friendly, PDF & Email

തിരുവല്ല – മക്കൾ മുൻകൈ എടുത്ത് പുതിയൊരു ജീവിതം കൊടുത്ത അച്ഛന്റെ കഥയാണ്. ജീവിത സായാഹ്‌നത്തില്‍ തനിച്ചായിപ്പോയ അച്ഛന് സംരക്ഷണത്തിനായി കൂട്ടൊരുക്കിയിരിക്കുകയാണ് മക്കള്‍. കുറ്റൂര്‍ പൊട്ടന്‍മല രഞ്ചു ഭവനില്‍ രാധാകൃഷ്ണ കുറുപ്പിനാണ് 62 മത് വയസില്‍ മക്കളും മരുമക്കളും ചേര്‍ന്ന് പുനര്‍വിവാഹം നടത്തിക്കൊടുത്തത്. അടൂര്‍ എനാദിമംഗലം സ്വദേശി മല്ലിക കുമാരി (60 ) ആണ് കുറുപ്പിന് തുണയായി എത്തിയത്. മക്കളുടെയും മരുമക്കളുടെയും അടുത്ത ബന്ധുക്കളുടെയും ആശീര്‍വാദത്തോടെ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.05 നും പത്തരയ്ക്കും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് എല്ലാ ചടങ്ങുകളോടും കൂടി കാവുംഭാഗം തിരുഏറങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ വിവാഹം നടന്നത്.

മൂന്ന് പതിറ്റാണ്ടായി ഏറങ്കാവ് ക്ഷേത്രത്തിന് സമീപം സര്‍ബത്തും സുഗന്ധ മുറുക്കാനും സ്‌റ്റേഷനറി സാധനങ്ങളും വില്‍ക്കുന്ന കട നടത്തുകയാണ് കുറുപ്പ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. മല്ലിക കുമാരിയുടെ ഭര്‍ത്താവ് അഞ്ചുവര്‍ഷം മുമ്പാണ് മരിച്ചത്. ഇവര്‍ക്ക് മക്കള്‍ ഇല്ല. തനിച്ചായിരുന്നു താമസം. രശ്മി, രഞ്ജു, എന്നീ രണ്ട് പെണ്‍മക്കളും രഞ്ജിത്ത് എന്ന മകനുമാണ് രാധാകൃഷ്ണക്കുറുപ്പിന് ഉള്ളത്. പെണ്മക്കള്‍ രണ്ടുപേരും വിവാഹിതരായി കുടുംബിനികളായി കഴിയുകയാണ്.

മകന്‍ രഞ്ജിത്ത് ഏതാനും മാസങ്ങളായി കൊല്ലത്ത് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നു. മകന്‍ കൂടി വീട്ടില്‍ നിന്ന് പോയതോടെ രാധാകൃഷ്ണക്കുറുപ്പിന്റെ ജീവിതം തീര്‍ത്തും ഒറ്റപ്പെട്ടതായി. ഭര്‍ത്താവുമൊത്ത് വിദേശത്തുള്ള ഇളയ മകള്‍ രഞ്ജു രണ്ടുമാസം മുമ്പ് നാട്ടിലെത്തി. അപ്പോഴാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ആരംഭിച്ച പിതാവിന്റെ ഒറ്റപ്പെട്ട ജീവിതത്തിലെ കഷ്ടപ്പാടുകള്‍ മനസിലാക്കിയത്. അങ്ങനെയാണ് ജീവിത സായാഹ്നത്തില്‍ അച്ഛന് ഒരു കൂട്ട് വേണമെന്ന ചിന്തയിലേക്ക് രഞ്ജു എത്തിയത്. ഇക്കാര്യം സഹോദരങ്ങളുമായി പങ്കുവെച്ചു. അവരും പിന്തുണച്ചു. ഇതോടെ അച്ഛന്റെയും സഹോദരങ്ങളുടെയും സമ്മതത്തോടെ വിവാഹ ആലോചനയും ആരംഭിച്ചു. അങ്ങനെയാണ് മാട്രിമോണി വഴി മല്ലിക കുമാരിയുടെ നമ്പര്‍ ലഭിക്കുന്നത്.

പുനര്‍വിവാഹ കാര്യത്തില്‍ മല്ലികയുടെ ബന്ധുക്കളും പൂര്‍ണ്ണസമ്മതം അറിയിച്ചതോടെ കാര്യങ്ങള്‍ വേഗത്തിലായി. അടുത്ത ബന്ധുക്കളായ അമ്പതോളം പേരെ സാക്ഷി നിര്‍ത്തി രാധാകൃഷ്ണക്കുറുപ്പ് മല്ലികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് അങ്ങനെയാണ്. വാര്‍ധക്യത്തില്‍ പരസ്പരം തുണയാകാന്‍ കഴിയും എന്ന വിശ്വാസത്തിലാണ് നവ ദമ്പതികള്‍.

Leave a Reply

Your email address will not be published. Required fields are marked *