പത്തനംതിട്ട – ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർത്ഥനകളും കാത്തിരിപ്പും ഒക്കെ വിഫലം. വടശേരിക്കര ഇടത്തറയിൽ നിന്ന് 17 ദിവസം മുൻപ് കാണാതായ സംഗീത് സജിയുടെ മൃതദേഹം ആറന്മുള സത്രക്കടവിന് സമീപം ഇന്ന് കണ്ടെത്തി. രാവിലെ പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് മുളം കാട്ടിൽ തങ്ങി നിൽക്കുന്ന ജീർണ്ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
വസ്ത്രങ്ങളും വാച്ചും കണ്ടാണ് ബന്ധുക്കൾ സംഗീതാണെന്നു തിരിച്ചറിഞ്ഞത്. ഒക്ടോബർ ഒന്നിനാണ് സംഗീത് സജി (23)യെ ഇടത്തറ ഭാഗത്തുനിന്ന് കാണാതായത്. പ്രദേശത്തെ പൊതു പ്രവർത്തനങ്ങളിലും, സേവാഭാരതിയിലും ഒക്കെ സജീവമായിരുന്ന സംഗീത് നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. സുഹൃത്ത് പ്രദീപിനൊപ്പം ഓട്ടോറിക്ഷയിൽ പോയ സംഗീതിനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതോടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സംഗീതും പ്രദീപും ഫോൺ എടുത്തില്ല. തുടർന്ന് ബന്ധുക്കൾ മലയാലപ്പുഴ പൊലീസിൽ പരാതി നൽകി.
ഇടത്തറ ഭാഗത്ത് സാധനങ്ങൾ വാങ്ങാനായി ഓട്ടോ നിർത്തി താൻ കടയിലേക്ക് കയറിപ്പോയെന്നും തിരികെ വന്നപ്പോൾ സംഗീതിനെ കണ്ടില്ല എന്നുമാണ് സുഹൃത്ത് പ്രദീപ് പോലീസിന് മൊഴി നൽകിയത്. കടയിൽ നിൽക്കുമ്പോൾ എന്തോ തോട്ടിൽ വീണ ശബ്ദം കേട്ടിരുന്നതായും പ്രദീപിന്റെ മൊഴിയിലുണ്ട്. കട ഉടമയും സമാനമായ മൊഴി നൽകിയിട്ടുണ്ട്. പക്ഷെ മലയാലപ്പുഴ പൊലീസ് തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഗീതിന് നന്നായി നീന്താൻ അറിയാവുന്ന ആളാണെന്നും ചെറിയ തോട്ടിൽ വീണ് ഒഴുകി പോയില്ല എന്നും ബന്ധുക്കൾ പറയുന്നു.
സംഗീതിന്റെ തിരോധാനത്തിൽ സംശയമുണ്ടെന്ന് കാട്ടി മാതാവ് ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇടത്തറയിൽ നിന്ന് ഏറെ ദൂരത്തിലാണ് തോട് നദിയിലേക്ക് ചേരുന്നത്. സംഗീതിനെ കാണാതായ സ്ഥലത്തു നിന്നും 18 കിലോമീറ്ററിലധികം ദൂരത്തായാണ് 17 ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്. കാണാതാകുമ്പോൾ കഴുത്തിൽ മൂന്നര പവനോളം തൃക്കമുള്ള സ്വർണ മാല ഉണ്ടായിരുന്നതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു. മൃതദേഹം കണ്ടെത്തിയപ്പോൾ മാല ഉണ്ടായിരുന്നില്ല. ആറന്മുള പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. മൃതദേഹത്തിന് 17 ഓളം ദിവസത്തെ പഴക്കം ഉള്ളതിനാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണം സ്വാഭാവിക മുങ്ങിമരണമാണോ ആരെങ്കിലും അപകടപ്പെടുത്തിയതാണോ എന്നൊക്കെ വ്യക്തമാകൂ.


