എന്നിട്ടും നമ്മളെങ്ങനെ അടപടലം പൊട്ടി സഖാവേ ? സിപിഎം അണികളെ ഞെട്ടിച്ചു പത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: എന്നിട്ടും നമ്മളെങ്ങനെ അടപടലം പൊട്ടി സഖാവേ ? സർവ്വ സന്നാഹങ്ങളുമായി പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാനിറങ്ങി അവസാനം തിരഞ്ഞെടുപ്പിൽ അടപടലം പൊട്ടിപ്പോളീസായ സിപിഎം അണികളിൽ നിന്നുയരുന്ന ചോദ്യമാണിത്. ഇതിനു ആർക്കും മറുപടിയില്ല. ഭരണ സംവിധാനങ്ങൾ അടക്കം ഒപ്പം നിന്നപ്പോൾ കള്ളവോട്ടുകളും ആവോളം ചെയ്തു. എന്നിട്ടും സന്ദേശം സിനിമയിലെ ഉത്തമനെപ്പോലെ അവർ പരസ്പരം ചോദിക്കുന്നു, എന്നാലും നമ്മളെങ്ങനെ പൊട്ടി സഖാവേ ?

വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന ഈ ബാങ്ക് പിടിച്ചെടുക്കാൻ സിപിഎം ഭരണത്തിന്റെ മുഴുവൻ സന്നാഹങ്ങോളോടെയുമായിരുന്നു രംഗത്ത് . പക്ഷേ, അവസാനം കണക്കു കൂട്ടൽ ഒക്കെ തെറ്റിച്ചത് പൊലീസ് ആണെന്ന് വേണം കരുതാൻ. ജില്ലയിൽ മറ്റു സ്ഥലങ്ങളിലെല്ലാം ബാങ്ക് ഭരണം പിടിക്കാൻ വേണ്ടി പൊലീസ് കണ്ണടിച്ചിരുന്നു. പക്ഷെ ഇവിടെ അതു നടന്നില്ല. അടികൊടുക്കേണ്ടവർക്ക് ലാത്തിച്ചാർജ് ചെയ്യുകയും ചെയ്തു. ബൂത്തു പിടുത്തം അടക്കമുള്ള കാര്യങ്ങൾ നടക്കാതെ വന്നതാണ് സിപിഎമ്മിന്റെ പരാജയത്തിന് കാരണമായിരിക്കുന്നത്. മാത്രവുമല്ല, യുഡിഎഫുകാരും കള്ളവോട്ടിന്റെ ആനുകൂല്യം മുതലെടുത്തുവെന്ന് വേണം കരുതാൻ.

ഞായറാഴ്ച രാവിലെ പത്തനംതിട്ട മാർത്തോമ്മ സ്‌കൂളിൽ വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ തന്നെ കള്ളവോട്ട് ആരോപണം ഉയർന്നു. സിപിഎം കള്ളവോട്ടിനായി ആളെ ഇറക്കിയെന്നാരോപിച്ച് യുഡിഎഫ് രംഗത്തു വരുന്നു. പിന്നാലെ അടിപൊട്ടുന്നു. പൊലീസ് ലാത്തിച്ചാർജ് നടത്തുന്നു. ഇരുഭാഗത്തും കുറേപ്പേർക്ക് അടി കിട്ടി. ചിലർക്ക് തലയ്ക്കടിയേറ്റു. എന്തായാലും മത്സരിച്ചാണ് കള്ളവോട്ട് നടന്നത്. വിജയം ഉറപ്പിച്ച് സിപിഎം അണികൾ ആഹ്ലാദ പ്രകടനത്തിനുള്ള ഒരുക്കങ്ങൾ പോലും തുടങ്ങി. പക്ഷെ ഫലം വന്നപ്പോഴാണ് രസം. ഒരു യുഡിഎഫ് വിമതർ ഒഴികെ മുഴുവൻ സീറ്റുകളിലും യുഡിഎഫ് തന്നെ വിജയിച്ചു. ഭരണവും നിലനിർത്തി. സിപിഎമ്മിൽ നിന്ന് വിജയിച്ച ഏക അംഗമാകട്ടെ മുൻപുള്ള ഭരണ സമിതിയിൽ യുഡിഎഫ് പ്രതിനിധി ആയിരുന്നയാളും ഇപ്പോൾ വിമതനും.

ഇരുഭാഗത്ത് നിന്നും കള്ളവോട്ട് ധാരാളം ഉണ്ടായെന്നാണ് പറയുന്നത്. പക്ഷേ, യഥാർഥ നിക്ഷേപകർ നിലവിലുള്ള മറ്റു സഹകരണ ബാങ്കുകളിലെ പ്രശ്‍നങ്ങൾ കൂടി പരിഗണിച്ചു വർഷങ്ങളായി പ്രശ്നങ്ങളൊന്നും ഇല്ലാതെ പോകുന്ന ഈ ഭരണ സമിതിക്ക് വോട്ടുചെയ്തുവെന്ന് വേണം കരുതാൻ. തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സഹകരണ ബാങ്കുകളിലും ഈ വികാരം പ്രകടമാണ്.

ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ തന്ത്രപരമായ നീക്കം കാരണം ആണ് വ്യാപകമായ ബൂത്ത് പിടുത്തവും ഇവിടെ നടക്കാതെ പോയത് . പൊലീസ് പക്ഷം പിടിക്കാതെ നിന്നതും സിപിഎമ്മിന് വലിയ തിരിച്ചടിയായി. പ്രതീക്ഷിച്ച സഹായം സഹകരണ വകുപ്പ് ജീവനക്കാരുടെ പക്ഷത്ത് നിന്നും പോലും കിട്ടിയിട്ടുമില്ലെന്ന് വേണം കരുതാൻ. രാവിലെ എട്ടിന് വോട്ടെടുപ്പ് തുടങ്ങിയതു മുതൽ വൈകിട്ട് നാലിന് അവസാനിക്കും വരെ ഇടവിട്ട് യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും, അടിയും ഉണ്ടായി. പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, യൂത്ത് കോൺഗ്രസ് ഓമല്ലൂർ മണ്ഡലം പ്രസിഡന്റ് സുനിൽ, ആൽഫിൻ, കെവിൻ തുടങ്ങി നിരവധി പേർക്ക് പരുക്കേറ്റു. ഇവർ ആശുപത്രികളിൽ ചികിത്സ തേടി. ആന്റോ ആന്റണി എം.പി ഇന്ന് രാവിലെ ഇവരെ സന്ദർശിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി വൈസ് പ്രസിഡന്റുമായ അനിൽ തോമസിന് മർദ്ദനമേറ്റു. !!

വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ മുതൽ നിരവധി വാഹനങ്ങളിൽ കള്ള വോട്ട് ചെയ്യിക്കാൻ സി.പി.എം ആളകളെ എത്തിച്ചുവെന്ന് കോൺഗ്രസ് ആരോപിച്ചു. സി.പി.എം കള്ളവോട്ടു ചെയ്തിട്ടും യു.ഡി.എഫിന് ജയിക്കാനായി. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം നടന്നു. സി.പി.എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാക്കൾ പത്തനംതിട്ട റസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനം നിയന്ത്രിച്ചതെന്നും ഡി.സി.സി നേതൃത്വം ആരോപിച്ചു. പൊലീസിലെ സി.പി.എം ഫ്രാക്ഷനിൽ പെട്ടവരെ ബൂത്തിലും പുറത്തും നിയോഗിച്ചു. കള്ളവോട്ട് ചോദ്യം ചയ്തതിനാണ് പൊലീസ് ലാത്തിക്ക് അടിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഫലപ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫ് നഗരത്തിൽ ആഹഌദ പ്രകടനം നടത്തി. അഞ്ച് പതിറ്റാണ്ടിലേറെയായി യു.ഡി.എഫ് ഭരണത്തിലാണ് പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക്.

വിജയികളും ലഭിച്ച വോട്ടും: ആർ. അഖിൽ കുമാർ (1774), അഡ്വ. അനിൽ തോമസ് (1824), അൻസർ മുഹമ്മദ് (1732), എ. ഫറൂക്ക് (1706), അഡ്വ. എ. സുരേഷ് കുമാർ (1775), ആനി സജി (1879), ആൻസി തോമസ് (1771), സജിനി മോഹൻ (1759), സി.കെ അർജുനൻ (2057), ഏബൽ മാത്യു നിക്ഷേപ മണ്ഡലം (1958) എല്ലാവരും യു.ഡി.എഫ്. കെ.ആർ. അജിത്കുമാർ, എൽ.ഡി.എഫ് (1653).

Leave a Reply

Your email address will not be published. Required fields are marked *