ഉത്തമപാളയം – കമ്പത്ത് ആനക്കൊമ്പ് പിടികൂടിയതുമായി ബന്ധപ്പെട്ട് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ആനക്കൊമ്പുകളുമായി പിടിയിലായവർക്ക് മുൻ കാലങ്ങളിലെ പ്രതികളുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നത്.
ആനക്കൊമ്പ് വൻതോതിൽ കേരളത്തിൽ നിന്നും തേനി ജില്ലയിലേക്ക് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്
കുമളി കമ്പം റോഡിലെ അപ്പാച്ചെ ഫാം പരിസരത്ത് ഡബ്ല്യു.സി.സി.ബിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് വാഹന പരിശോധന നടത്തുന്നതിനിടയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൂന്ന് ആനക്കൊമ്പുകളുമായി എത്തിയ രണ്ടു യുവാക്കൾ പിടിയിലായിരുന്നു. കേരളത്തിൽ നിന്നും കർണാടക രജിസ്‌ട്രേഷനിലുള്ള മോട്ടോർ സൈക്കിളിലാണ് ആനക്കൊമ്പുമായി ഇവർ എത്തിയത്.
പിടികൂടിയ ആനക്കൊമ്പുകൾ കേരളത്തിൽ നിന്നും എത്തിച്ചതായതിനാലാണ് കേരളത്തിൽ മുൻ കാലങ്ങളിൽ ആന വേട്ടക്കേസുമായി ബന്ധപ്പെട്ട് പ്രതികളായവരെ ചുറ്റിപ്പറ്റിയും അന്വേഷണം. ഈ സംഘങ്ങളുമായി പിടിയിലായവർക്ക് ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.ഇടമലയാർ,പൂയംകുട്ടി ആനവേട്ട കേസുകളിൽ പ്രതിയായിരുന്നവരിലേക്കും അന്വേഷണം നീളും. മുൻ കുറ്റവാളികളായിരുന്നവർ പെരിയാർ ടൈഗർ റിസർവിൽ കുമളി മുതൽ രാജപാളയം വരെയുള്ള മേഖലയിൽ വ്യാപകമായി ആനവേട്ട നടത്തിയിരുന്നതായി സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയായ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
കൊന്നൊടുക്കിയ ആനകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൂടുതൽ വിശദമായ തെളിവെടുപ്പിനു ശേഷമേ വ്യക്തമാവു എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സൂചന.പെരിയാർ ടൈഗർ റിസർവ്വിന് പടിഞ്ഞാറ് മണിമലയാറിനു സമീപത്തെ മേഘമല വനത്തിൽ ആനവേട്ട നടന്നിട്ടുണ്ട്. ഈ കേസുകളും അന്വേഷണ പരിധിയിൽ വരും.
വിഗ്രഹങ്ങൾ നിർമ്മിക്കാനാണ് ആനക്കൊമ്പുകൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഏറിയപങ്കും ഹൈന്ദവ ദേവിദേവന്മാരുടെതാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

