ആലപ്പുഴ: തലവടി പഞ്ചായത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം പരിഹരിച്ച് പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി പൂർവസ്ഥിതിയിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തലവടി, എടത്വ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, കിഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ,വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് നവംബറിൽ നടക്കുന്ന സിറ്റിങ്ങിൽ സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത നിർദേശിച്ചു.
ജൂലൈ 15ന് ആലപ്പുഴയിൽ നടന്ന സിറ്റിങ്ങിൽ ഉദ്യോഗസ്ഥർ ഹാജരായി റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു.കുടിവെള്ളം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടും കുടിവെള്ളം ലഭിക്കാത്തത് ഗൗരവകരമാണ്. പദ്ധതി നടപ്പാക്കിയതുകൊണ്ട് മാത്രം ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും പ്രദേശവാസികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.കുട്ടനാടിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കേണ്ടതായിരുന്നു. ഇപ്പോൾ റോഡും പൈപ്പും ഇല്ലാത്ത അവസ്ഥയാണെന്നും കമ്മീഷൻ വിമർശിച്ചു.
പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള സമർപ്പിച്ച പരാതിയിലാണ് നടപടി.

What do you feel about this post?
Like
Love
Happy
Haha
Sad

