തിരുവല്ല – രണ്ടു ദിവസത്തോളം ഡിജിറ്റൽ അറസ്റ്റിലായിരുന്ന വീട്ടമ്മയുടെ 21 ലക്ഷം രൂപ ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രത ഒന്നു കൊണ്ടു മാത്രം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് കൈമാറാതെ തടഞ്ഞു. വിദേശ ജോലിക്കു ശേഷം നാട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന വയോധികയെ(68) യാണ് രണ്ടു ദിവസത്തോളം ഡിജിറ്റൽ അറസ്റ്റാണെന്ന് പറഞ്ഞ് പറ്റിച്ചത്. ഞായർ ഉച്ചയ്ക്കാണ് ഇവരുടെ ഫോണിലേക്ക് വീഡിയോ കോൾ വരുന്നത്. മുംബൈ ക്രൈം ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ കാനറ ബാങ്കിലെ അക്കൗണ്ട് ആധാർ കാർഡിൽ തിരിമറി നടത്തിയതായി വിവരം കി ട്ടി. ഇതേപ്പറ്റി അറിയാനാണെന്ന് വിളിച്ചയാൾ പറഞ്ഞു. തനിക്ക് ബാങ്ക് ഓഫ് ബറോഡയിൽ മാത്രമേ അക്കൗണ്ട് ഉള്ളുവെന്നു പറഞ്ഞപ്പോൾ അതിന്റെ വിശദാംശങ്ങൾ ചോദിക്കാൻ തുടങ്ങി. മറ്റാരോടും പറയരുതെന്നും നിർദേശിച്ചു. രാ ത്രി 11.30 ആയപ്പോൾ ഫോൺ ചൂടായി എന്നു പറഞ്ഞപ്പോഴാണ് നിർത്തിയത്. പിറ്റേദിവസം പുലർച്ചെ അഞ്ചിന് വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവൻ അയച്ചു കൊടുത്താൽ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് അറിയിച്ചു.
ചൊവ്വ രാവിലെയാണ് ഇവർ ബാങ്കിലെത്തിയത്. ഇവരുടെ മൂന്നു സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കണമെന്ന് ജീവനക്കാരോട് പറഞ്ഞു. അക്കൗണ്ടിൽ 21.5 ലക്ഷം രൂപയാണുണ്ടായിരുന്നത്. ബാങ്കുകാർ വിവരം ചോദിച്ചപ്പോൾ മക്കൾക്ക് കൊടുക്കാനാണെന്നു പറഞ്ഞു. എഫ്ഡി പിൻവലിച്ച് അക്കൗണ്ടിൽ ഇട്ടു. തുടർന്ന് തുക ട്രാൻസ്ഫർ ചെയ്തു കൊടുക്കാനാവശ്യപ്പെട്ടു. തുക മാറാൻ അവർ കാണിച്ച അക്കൗണ്ട് പ്രൈവറ്റ് കമ്പനിയുടെ പേരിലായിരുന്നു. അപ്പോഴാണ് ബാങ്കിലെ ഉദ്യോഗസ്ഥന് സംശയം തോന്നിയത്. ഈ സമയത്തെല്ലാം ഇവരുടെ ഫോണിലേക്ക് ഡിജിറ്റൽ അറസ്റ്റ് നടത്തിയവർ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടായിരുന്നു. ഫോണിൽ വന്ന സന്ദേശം കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ആദ്യം ഇവർ വിസമ്മതിച്ചെങ്കിലും പിന്നീട് കാണിച്ചു. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ എന്ന് മുകളിൽ എഴുതിയിരിക്കുന്നതു കണ്ടതോടെ തട്ടിപ്പാണെന്നു മനസ്സിലായി. തുടർന്ന് ഇവരുടെ ഇവരുടെ ഫോൺ വാങ്ങി വിളിച്ച നമ്പർ ബ്ലോക്ക് ആക്കി. ഇത്രയും സമയം ഇവർ കഠിനമായ സമ്മർദത്തിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമാണ് ഇവരുടെ പണം നഷ്ടപ്പെടാതിരുന്നത്.


