മൂലൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഉടമകൾക്ക് ഹൈക്കോടതിയുടെ നോട്ടീസ് : അറുപതുകോടിയുടെ ഹവാലാപ്പണം വിദേശത്തേക്ക് കടത്തിയെന്ന് :

Crime Eranakulam
Print Friendly, PDF & Email
കൊച്ചി: വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ച് അറുപതു കോടിയുടെ ഹവാലാപ്പണം വിദേശത്തേക്ക് കടത്തിയെന്ന ഹർജിയിൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് നിർദേശം നൽകി. ഇഡി അന്വേഷണംഅനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് നിർദേശം നൽകിയത്. അങ്കമാലി മൂലൻസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകളും മൂലൻസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ സാജു, ജോസ്, ജോയി എന്നിവർക്കും കമ്പനി ഡയറക്ടർമാർക്കും നോട്ടീസ് അയക്കാനുംകോടതി നിർദേശിച്ചു.

ഹവാലാപ്പണം കടത്തിയെന്ന പരാതിയിൽ ആറു പേർക്കെതിരേയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് പ്രാഥമികാന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സാജു, ജോസ് എന്നിവരുടെ പാസ്‌പോർട്ട് ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നാമനായ ജോയി നിലവിൽ വിദേശത്താണുള്ളത്. ജിദ്ദ കേന്ദ്രീകരിച്ചുള്ള സ്‌പൈസസ് സിറ്റി ഫോർ ഫുഡ് സ്റ്റഫ്‌സ് വെയർ ഹൗസ് കമ്പനിയിൽ ഇവിടെ നിന്നു കൊണ്ടു പോയ ഹവാലാപ്പണം നിക്ഷേപം നടത്തിയെന്നാണ് പരാതി.

സൗദിയിൽ വിദേശ മൂലധന നിക്ഷേപം അതാത് രാജ്യത്തെ കറൻസിയായിട്ട് വേണം നടത്താനെന്നാണ് ചട്ടം. ഇവിടെ നിന്ന് 60 കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപം മൂലൻസ് സഹോദരന്മാരായ സാജു, ജോസ്, ജോയ് എന്നിവർ ജിദ്ദ കമ്പനിയിൽ നടത്തിയെന്നാണ് പരാതി. ഇത് തെളിയിക്കുന്ന രേഖകൾ ലഭിച്ചതിനെ തുടർന്ന് സാജു, ജോസ് എന്നിവരിൽ നിന്ന് ഇ.ഡി മൊഴിയെടുത്തിരുന്നു. ഇവരുടെ ഭാര്യമാരാണ് മറ്റ് ഷെയർ ഉടമകൾ. സൗദിക്കാരനായ സ്‌പോൺസറിനും ഷെയർ ഉണ്ട്.

വിദേശനിക്ഷേപത്തിനായി 60 കോടി രൂപ കൊണ്ടു പോയത് ബാങ്ക് മുഖാന്തിരമല്ലെന്ന സംശയത്തിലാണ് അന്വേഷണം നടക്കുന്നത്. സൗദി കൊമേഴ്‌സ് മന്ത്രാലയത്തിലെ കൊമേഴ്‌സ്യൽ രജിസ്റ്ററിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ജിദ്ദ കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് 2.70 കോടി സൗദി റിയാലാണ് ആകെയുള്ള പ്രവർത്തന മൂലധനം. അങ്കമാലിയിൽ മൂലൻസ് ഇന്റനാഷണൽ, മൂലൻസ് ഫാമിലി മാർട്ട് എന്നീ സ്ഥാപനങ്ങൾ ഇവർക്കുണ്ട്. വിദേശത്തും ഇവർ സൂപ്പർമാർക്കറ്റുകളും മറ്റും നടത്തി വരുന്നുണ്ട്. ഇതിനിടെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതതലത്തിൽ നീക്കം നടക്കുന്നുവെന്ന ആരോപണവും പരാതിക്കാരൻ ഉന്നയിക്കുന്നുണ്ട്.

നേരത്തേ ഈ കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നാലാഴ്ച സാവകാശം ഇഡിക്ക് നൽകിയിരുന്നു. വീണ്ടും ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇഡിക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഹാജരായി കൂടുതൽ സമയം ആവശ്യപ്പെട്ടു. എന്നാൽ, ഇത് അവസാന ചാൻസ് ആണെന്ന് പറഞ്ഞ കോടതി രണ്ടാഴ്ച കൂടി സമയം അനുവദിക്കുകയായിരുന്നു. കേസ് വീണ്ടം അടുത്ത മാസം ആറിന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *