തൃശൂർ : താനിന്നുവരെ കണ്ടിട്ടുപോലുമില്ലാത്ത ലഹരിമരുന്നിന്റെ പേരിൽ ബ്യൂട്ടി പാർലർ ഉടമ ജയിലിൽ കിടന്നത് 72 ദിവസം. ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് അവസാനം പരിശോധനാഫലം പുറത്തു വന്നു. തന്നെ കേസിൽ ആരോ കുടുക്കിയതാണെന്നും ഇതിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ഷീല സണ്ണി പറയുന്നു.
ഫെബ്രുവരി 27-ാം തീയതിയാണ് കുറച്ച് ഓഫീസർമാർ വരുന്നത്. പാർലറിൽ മയക്കുമരുന്ന് വിൽപനയുണ്ടെന്ന് അവർക്ക് വിവരം ലഭിച്ചുവെന്നും പരിശോധനയ്ക്കെത്തിയതാണെന്നും അവർ പറഞ്ഞു. എന്റെ ബാഗിലും വാഹനത്തിലുമാണ് മയക്കുമരുന്ന് എന്നാണ് അവർ പറഞ്ഞത്. ഞാനവരോട് പരിശോധിക്കാൻ പറയുകയും ചെയ്തു. ബാഗിനുള്ളിൽ അവർ ഒരു തുള കണ്ടെത്തി. അപ്പോഴാണ് ബാഗിനുള്ളിൽ അങ്ങനെ ഒരു തുള ഞാൻ കാണുന്നത് തന്നെ. അതിനുള്ളിൽ നിന്നാണ് അവർ പൊതി എടുക്കുന്നത്. സ്റ്റാമ്പാണെന്ന് പറഞ്ഞ് എന്നെ കാണിക്കുകയും ചെയ്തു. പിന്നീട് മകനെ വിളിച്ചു വരുത്തി കാറിൽ നിന്നും ഒരു പാക്കറ്റ് കണ്ടെടുത്തു. ഞാൻ ഒരു സാധാരണ വീട്ടമ്മയാണ്. ചാലക്കുടി വിട്ട് അധികം പുറത്തു പോവാറില്ല. മയക്കു മരുന്ന് ഞാൻ കണ്ടിട്ടു പോലുമില്ല. എനിക്ക് ശത്രുക്കളൊന്നുമില്ല. പക്ഷേ എനിക്ക് എന്റെ മരുമകളുടെ അനുജത്തിയെ സംശയമുണ്ട്. വ്യക്തിവൈര്യാഗത്തിന്റെ പേരിൽ അവർ ചെയ്തതാണോയെന്നാണ് സംശയം.’
എന്തിനാണ് എന്നെ കുടുക്കാൻ നോക്കിയതെന്ന് കണ്ടുപിടിക്കണം. വിവരം നൽകിയ ആളെ കണ്ടുപിടിച്ചാൽ ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമാകും. 72 ദിവസം ഞാൻ ജയിലിൽ കിടന്നു. ആകെ വരുമാന മാർഗമായിരുന്ന പാർലർ അടച്ചു. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചു. പിന്നെ ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന ഉറപ്പാണ് തന്നെ പിടിച്ചു നിർത്തിയതെന്നും ഷീല പറയുന്നു


