റാന്നി: മലനാടിന്റെ റാണിയായ റാന്നിയുടെ കാവൽക്കാരിയായി റാണിയെന്ന നായ. ഒന്നര പതിറ്റാണ്ടോളമായി മാമ്മുക്കിലെത്തുന്നവർക്ക് സുപരിചിതയാണ് റാണി. മൂഴിക്കൽ എം.സി ടവറിലാണ് വാസം. ഈ കെട്ടിട സമുച്ചയവും എതിർവശത്തുള്ള വ്യാപാര സ്ഥാപനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു കഴിയുന്നു. തെരുവു നായ്ക്കളുമായി ചങ്ങാത്തം കൂടാറേയില്ല. തൊട്ടടുത്ത പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ തെരുവു നായക്കൂട്ടം തമ്പടിച്ചിരുന്നപ്പോൾ അവൾ അവരിൽ നിന്നും അകലം പാലിക്കുന്നത് സമീപത്തെ വ്യാപാരികൾ ശ്രദ്ധിച്ചിരുന്നു.
അലക്ഷ്യമായോ സംശയകരമായോ റോഡിലൂടെ പോലും ആരെങ്കിലും പോയാൽ നിർത്താതെ കുരയ്ക്കും. മറ്റ് നായ്ക്കളേയോ സംശയം തോന്നുന്നവരേയോ തന്റെ പരിധിയിൽ പ്രവേശിപ്പിക്കില്ല. എന്നാൽ യാത്രക്കാരോടോ കടകളിലും സ്ഥാപനങ്ങളിലും വരുന്നവരോടോ യാതോരു ശല്യവുമില്ല താനും. ഭക്ഷണത്തിനായി കൃത്യ സമയങ്ങളിൽ ലഭിക്കുന്നിടത്ത് അവയുണ്ടാകും. കെട്ടിട സമുച്ചയത്തിലെ ബാങ്കുകളിലെ സെക്യൂരിറ്റി ജീവനക്കാർക്കാണ് ഈ നായയെക്കൊണ്ട് ഏറെ പ്രയോജനം. രാത്രി സമയങ്ങളിൽ കണ്ണും കാതും കൂർപ്പിച്ച് അവൾ എപ്പോഴുമുണ്ടാകും. എ.ടി.എം കൗണ്ടറുകളിൽ പോലീസെത്തി രജിസ്റ്ററിൽ ഒപ്പു വച്ചിരുന്ന കാലത്ത് പാതിരാ കഴിഞ്ഞ് പോലീസ് ജീപ്പെത്തുമ്പോൾ അവൾ ഓടി മുകളിലത്തെ നിലയിലെത്തി സെക്യൂരിറ്റി ജീവനക്കാരെ മുട്ടിയുരുമ്മി വിളിച്ചുണർത്തുക പതിവായിരുന്നു.
വെള്ളപ്പൊക്കവും കോവിഡ് കാലവും അതിജീവിച്ച കഥകളും റാണിക്ക് സ്വന്തം. 2018 ലെ മഹാപ്രളയത്തിൽ കെട്ടിടത്തിനു മുകളിൽ അവൾ ഒരാഴ്ചക്കാലം ഒറ്റപ്പെട്ടു പോയി. കൊറോണ കാലത്തും വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടന്നപ്പോൾ ഒറ്റപ്പെടലുണ്ടായി. മൃഗസ്‌നേഹികളായവരും സമീപത്തെ നല്ലവരായ വ്യാപാരികളും ചേർന്ന് ഇവർക്ക് ഭക്ഷണം ഒരുക്കി നൽകിയിരുന്നു. വന്ധ്യംകരണത്തിനായി അധികൃതർ പിടി കൂടിയപ്പോൾ സംരക്ഷകരുടെ ഏക ആവശ്യം ഇവളെ തിരികെ എത്തിച്ചു നൽകണമെന്നതായിരുന്നു. രണ്ടാഴ്ചക്ക് ശേഷം ബന്ധപ്പെട്ടവർ തിരികെയെത്തിച്ചപ്പോൾ ഓരോ വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിലും വന്ന് കരഞ്ഞ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. പഴയ കാലങ്ങളിൽ പോലും ഭക്ഷണം നൽകുകയും കരുതുകയും ചെയ്തവരെ കണ്ടാൽ തിരിച്ചറിഞ്ഞ് അവരെ ഒന്നു വണങ്ങാതെ പോകില്ല. ബസ് സ്‌റ്റോപ്പിൽ കടകൾക്കു മുൻപിൽ വിശ്രമിക്കുക പതിവാണ്. പക്ഷേ ആരേയും ഉപദ്രവിച്ചിട്ടില്ല. അപരിചിതർ നൽകുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കാറുമില്ല. അങ്ങനെ പതിനഞ്ചു വയസോളമെത്തിയതിന്റെ ശാരീരിക ദൗർബല്യത്തിലും ശൗര്യം ഒഴിയാതെ തന്റെ സേവന രംഗത്ത് കർമ നിരതയാണിന്നും റാണി.


