സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ UDF ഭൂരിപക്ഷം നേടി

Kerala Politics
Print Friendly, PDF & Email

തിരുവനന്തപുരം ∙ സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ രണ്ട് വോട്ടിനു വിജയിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന സോളമൻ അലക്സ് സിപിഎമ്മിൽ ചേർന്നതിനെ തുടർന്നാണു ബാങ്ക് ഭരണം യുഡിഎഫിനു നഷ്ടമായത്. 2021 സെപ്റ്റംബറിൽ സോളമൻ അലക്സിന്റെ സാന്നിദ്ധ്യത്തിൽ നടന്ന പൊതുയോഗത്തിൽ അപ്രതീക്ഷിതമായി ഇടതുപക്ഷാംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം കോൺഗ്രസിനെ ഞെട്ടിച്ചു. ഈ സമയത്തു തന്നെ താൻ കോൺഗ്രസ് വിടുന്നുവെന്നു സോളമൻ പ്രഖ്യാപിച്ചു. കോൺഗ്രസുകാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അഡ്മിനിസ്ട്രേറ്റർ ഭരണത്തിലൂടെ സിപിഎം ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുത്തു.

അഡ്മിനിസ്ട്രേറ്റർ ഭരണം ഒന്നര വർഷം നീണ്ടപ്പോൾ ബാങ്കിന്റെ മുൻ പ്രസിഡന്റ് കെ.ശിവദാസൻ നായരും സി.കെ.ഷാജി മോഹനും നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ കോടതി 2023 മേയ് 5നകം തിരഞ്ഞെടുപ്പു നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കിടയിലും നാമനിർദേശ പത്രികാ സമർപ്പണം മുതൽ എല്ലാ നടപടികളിലും ഇരുവിഭാഗങ്ങളും കോടതിയിൽ ഏറ്റുമുട്ടി. തർക്കമുളള 2 വോട്ടുകൾ പ്രത്യേക പെട്ടിയിൽ സൂക്ഷിച്ചുകൊണ്ടു തിരഞ്ഞെടുപ്പു നടത്താനാണു കോടതി നിർദേശിച്ചത്. പിന്നീട് സി.കെ. ഷാജി മോഹൻ നൽകിയ മറ്റൊരു കേസിൽ പ്രത്യേക പെട്ടിയിൽ സൂക്ഷിച്ചിരുന്ന വോട്ട് കൂടി എണ്ണി ഫലം പ്രഖ്യാപിക്കാൻ കോടതി നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പെട്ടി തുറന്നപ്പോൾ 2 വോട്ടും യുഡിഎഫിനായിരുന്നു. അങ്ങനെ 36 നെതിരെ 38 വോട്ടുകൾ ലഭിച്ച യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *