പത്തനംതിട്ട എ.ആർ. ക്യാമ്പിൽ വെടിപൊട്ടി : തോക്ക് പരിശോധിച്ചത് നിലത്തേക്ക് പിടിച്ചായതിനാൽ ആർമർ എസ്.ഐ. വെടികൊള്ളാതെ രക്ഷപെട്ടു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പോലീസിന്റെ എ.ആർ. ക്യാമ്പിൽ തോക്ക് പരിശോധിക്കുന്നതിനിടെ വെടിപൊട്ടി. ആർമർ എസ്.ഐ. വെടികൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. തോക്കിന്റെ ബാരൽ ഭൂമിയ്ക്ക് അഭിമുഖമായാണ് പിടിച്ചിരുന്നതിനാൽ ആണ് ദുരന്തം ഒഴിവായത്. വെടി പൊട്ടിയപ്പോൾ ഉണ്ട നിലത്തേക്കാണ് തുളഞ്ഞു കയറിയത്. എസ്.ഐ ശരിയായ രീതിയിൽ തോക്ക് കൈകാര്യം ചെയ്തതാണ് വലിയ അപകടം ഒഴിവാക്കിയത്.

ബാങ്കുകളിൽ നിന്നും പണവുമായി പോകുന്ന വാഹനത്തിന് ബന്തവസ് ഡ്യൂട്ടിക്കായി പുറത്തു പോകുന്ന സുരേഷ് എന്ന ഉദ്യോഗസ്ഥൻ തോക്ക് എടുത്ത് ഉണ്ട നിറച്ച് വച്ചതിന് ശേഷം ലോഡ് ആണെന്ന വിവരം പറയാതെ ആർമർ എസ്.ഐക്ക് പരിശോധനയ്ക്ക് നൽകുകയായിരുന്നു. ലോഡ് ചെയ്ത തോക്കാണെന്നറിയാതെ ആർമർ എസ്‌ഐ തോക്കിന്റെ ബാരൽ ഭൂമിയിലേക്ക് പിടിച്ച് ട്രിഗർ അമർത്തിയപ്പോൾ വെടി പൊട്ടി. ഉണ്ട തറയിലേക്ക് തുളച്ചു കയറി. ലോഡ് ചെയ്ത തോക്കാണെന്ന വിവരം പോലീസുകാരൻ അറിയിക്കാതെ ഇരുന്നതാണ് വെടിപൊട്ടാൻ കാരണമായത്. എ.ആർ. ക്യാമ്പ് അസി. കമാൻഡന്റിനോട് സംഭവം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എസ്.പിയുടെ ചുമതല വഹിക്കുന്ന കൊട്ടാരക്കര റൂറൽ എസ്.പി. എം. സാബു മാത്യു ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *