കൊച്ചി : അന്ധവിശ്വാസ- അനാചാരങ്ങൾ തടയാൻ ബിൽ കൊണ്ടുവരാനുള്ള ശ്രമം സംസ്‌ഥാന സർക്കാർ ഉപേക്ഷിച്ചു. വിശ്വാസം എന്തെന്നു നിർണയിക്കാനും നിർവചിക്കാനും സർക്കാരിനു അധികാരമില്ലെന്ന നിയമോപദേശത്തെത്തുടർന്നാണിത്.
നിയമം മൂലം വിശ്വാസത്തെ നിർണയിക്കാൻ കഴിയില്ല. ഒരാളുടെ വിശ്വാസത്തെ ചോദ്യംചെയ്യാൻ സർക്കാരിനാവില്ല. നിയമം പാസാക്കിയാൽ, കോടതിയിടപെടലിനു സാധ്യതയുമുണ്ട്.
ഇവയെ നിലവിലുള്ള നിയമങ്ങൾ കൊണ്ടുതന്നെ തടയിടാൻ കഴിയുമെന്നും പ്രത്യേക നിയമത്തിന്റെ ആവശ്യമില്ലെന്നുമാണു സർക്കാരിനു ലഭിച്ച നിയമോപദേശം. മാത്രമല്ല, നിലവിലുള്ള ചട്ടങ്ങൾപ്രകാരം ഇത്തരം അനാചാരങ്ങളെ നിയന്ത്രിക്കാനാവും. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ കൊലപാതകത്തിനുള്ള ശിക്ഷ (ഐ.പി.സി. 302) നൽകും. ഗുരുതര പരുക്കിന് ഐ.പി.സി. 326 അനുസരിച്ചാണു ശിക്ഷ വരിക.എന്നാൽ, ഇത്തരമൊരു നിയമനിർമ്മാണം സർക്കാരിന്റെ ജനപ്രീതിയില്ലാതാക്കാനേ ഉപകരിക്കൂവെന്ന ചിന്തയും ചില മന്ത്രിമാർ പ്രകടിപ്പിച്ചു. മഹാരാഷ്‌ട്രയും കർണാടകവും പാസാക്കിയ അന്ധവിശ്വാസവും ബ്ലാക്ക് മാജിക്കും വിരുദ്ധ ബില്ലിന്റെ മാതൃകയിൽ നിയമനിർമ്മാണം നടത്താൻ എൽ.ഡി.എഫ്. 2019 ൽ അനുമതി നൽകിയതാണ്. എന്നാൽ, ഇതുവരെ നടപ്പാക്കാനായിട്ടില്ല. കഴിഞ്ഞ മാസം കരടുബിൽ മന്ത്രിസഭയുടെ പരിഗണനയിൽ വന്നെങ്കിലും ചില കാര്യങ്ങളിൽ വിശദമായ ചർച്ച നടത്തിയശേഷം മതിയെന്നു തീരുമാനിച്ചു മാറ്റിവയ്‌ക്കുകയായിരുന്നു. അഞ്ചു വർഷമായി ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്ന ബിൽ ഇലന്തൂർ നരബലിയെത്തുടർന്നാണു പൊടിതട്ടിയെടുത്തത്.
ഇന്റലിജൻസ് എ.ഡി.ജി.പിയായിരുന്ന എ.ഹേമചന്ദ്രനും ജസ്‌റ്റിസ് കെ.ടി. തോമസ് ചെയർമാനായ നിയമപരിഷ്‌കരണ കമ്മിഷനും കരടു നിർദേശങ്ങൾ സമർപ്പിച്ചിരുന്നു.
മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലെ പഠന റിപ്പോർട്ടുകളും നിയമവും പരിശോധിച്ചു ഹേമചന്ദ്രൻ 2014 ൽ കരടുബിൽ തയാറാക്കി. അന്നത്തെ യു.ഡി.എഫ്. സർക്കാരും തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാരും നടപടി സ്വീകരിച്ചില്ല. കുറ്റകൃത്യങ്ങൾക്കു മൂന്നു വർഷം തടവു മുതൽ വധശിക്ഷവരെ നൽകണമെന്നു ഹേമചന്ദ്രൻ ശിപാർശ ചെയ്‌തിരുന്നു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവർക്കു ഏഴുവർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതായിരുന്നു ജസ്‌റ്റിസ് കെ.ടി. തോമസ് സമർപ്പിച്ച കരടു ബിൽ.
Belief-What-Nirva
അഗ്‌നിക്കാവടി, കുത്തിയോട്ടം, തൂക്കം തുടങ്ങിയ ആചാരങ്ങൾ ബില്ലിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു നിയമവകുപ്പിന്റെ ശിപാർശ. മതാചാരങ്ങളെ ബില്ലിലെ വ്യവസ്‌ഥകൾ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു.


