വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധം ; ഷഹബാസിന്റെ കൊലയാളികളെ പരീക്ഷ എഴുക്കരുതെന്ന് കെ.എസ്.യു എം.എസ്.എഫ് പ്രവർത്തകർ

Kerala Kozhikkodu
Print Friendly, PDF & Email

കോഴിക്കോട് – താമരശ്ശേരിയിലെ “ഷഹബാസ്” കൊലപാതകത്തില്‍ പ്രതികളായവരെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥി സംഘടനകളുടേയും യുവജനസംഘടനകളുടേയും പ്രതിഷേധം. കെ.എസ്.യുവും എം.എസ്എഫും യൂത്ത് കോണ്‍ഗ്രസുമാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. രാവിലെ മുതൽ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിന് മുന്നില്‍ കനത്ത പ്രതിഷേധവും, പോലീസുമായി ഉന്തും തള്ളുമൊക്കെ നടക്കുകയാണ്..

ജുവനൈല്‍ ഹോമിന് മുന്നില്‍ കനത്ത പോലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂവനൈല്‍ ഹോം വളപ്പിലേക്ക് ഗേറ്റ് ചാടിക്കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിഷേധിക്കാനെത്തിയ ആറ് കെ എസ് യു പ്രവര്‍ത്തകരെയും എം എസ് എഫ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.

താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കെയര്‍ ഹോമിന് മുന്‍പില്‍ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കെ എസ് യുവിന്റെയും എം എസ് എഫിന്റെയും തീരുമാനം. പ്രതിഷേധ സാധ്യത കണക്കിലെടുത്തു കനത്ത കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത പ്രതിഷേധം കണക്കിലെടുത്താണ് കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം താമരശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും കോഴിക്കോട് വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്.

പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് താമരശ്ശേരി പൊലീസ് പരീക്ഷാ ഭവന്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും കത്ത് നല്‍കിയിരുന്നു. ജുവനൈല്‍ ഹോമിനടുത്ത കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്.

പ്രതികളില്‍ ഒരാളുടെ പിതാവ് ടി പി കേസ് പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. ഇന്നലെ പ്രതികളുടെ വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഷഹബാസിനെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച നെഞ്ചക്കും കണ്ടെടുത്തു. പ്രതികളെ സംരക്ഷിക്കാൻ പുറത്തു നിന്നുള്ള പ്രമുഖരുടെ ശ്രമമുണ്ടന്ന് ഷഹബാസിന്റെ പിതാവ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *