കോട്ടയം – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള പണം അടയ്ക്കാതെ നാലു വർഷമായി വില്ലേജ് ഓഫീസർ കൈയിൽ സൂക്ഷിച്ചതായി വിജിലൻസ് കണ്ടെത്തൽ. കടുത്തുരുത്തി വില്ലേജ് ഓഫീസർ ടി. സജി വർഗീസിന്റെ പക്കൽനിന്നാണ് അനധികൃതമായി സൂക്ഷിച്ച പണം വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്.
വില്ലേജിൽ വിവിധ സേവനങ്ങൾക്കെത്തുന്ന അപേക്ഷകരിൽനിന്നു സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനു പാരിതോഷികം കൈപ്പറ്റുന്നു, അനധികൃത മണ്ണ് ഖനനം നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കാതെ ഇത്തരക്കാരിൽനിന്നു കൈക്കൂലി വാങ്ങുന്നു തുടങ്ങിയ പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. 2018 ഓഗസ്റ്റ് 15 മുതൽ 2019 സെപ്റ്റംബർ 17 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒൻപതു പേർ നൽകിയ പണമാണ് അനധികൃതമായി കൈയിൽ സൂക്ഷിച്ചതെന്നു വിജിലൻസ് അറിയിച്ചു.
വില്ലേജ് ഓഫീസർക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിനു വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് നൽകുമെന്നു വിജിലൻസ് സംഘം അറിയിച്ചു. ഡിവൈ.എസ്.പി: പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


