ആപ്പിളു പറിക്കാനില്ല ; കറക്കാൻ പശുക്കളില്ല ; ഗ്യാസ് അടിക്കാൻ പമ്പുകളും ഇല്ല ; എന്നിട്ടും കാനഡക്ക് പോകാൻ തിരക്ക് !!
കാനഡയിൽ നിന്ന് അനുഭവസ്ഥനായ പ്രവാസി എഴുതുന്നത്
ടൊറൊന്റോ – ഈ വർഷം ജനുവരിയിൽ കാനഡയിൽ പഠിക്കാനെത്തിയ കുട്ടികളിൽ ഭൂരിഭാഗത്തിനും പാർട്ട് ടൈം ജോലി ലഭിച്ചിട്ടില്ല എന്നത് തികച്ചും യാഥാർഥ്യം ആണ്. ഇവരിൽ പലർക്കും, വീട്ടിൽ നിന്നും പൈസ അയയ്ച്ചു കൊടുത്താണ് ചെലവ് കഴിഞ്ഞു പോകുന്നത്. ഇവിടെ ഫുഡ് ബാങ്കിനെ ആശ്രയിക്കുന്ന കുട്ടികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നു.
അഭയാർത്ഥികളുടെ കടന്നു വരവും, കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധികളും ഒക്കെ കാനഡയിൽ തൊഴിൽ ഇല്ലായ്മ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഐ ടി മേഖലകളിൽ തൊഴിൽ എടുക്കുന്നവരെ കൂട്ടത്തോടെ പിരിച്ചു വിടുന്നതു കാനഡയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണമായി വിദഗ്ധർ ചൂണ്ടി കാട്ടുന്നു.
ഭക്ഷണം, വസ്ത്രം , പാർപ്പിടം ഇവകൾ ആണ് ഏതൊരു രാജ്യത്തിലെയും ആളുകൾക്ക് പ്രധാനമായും വേണ്ട വസ്തുതകൾ. വീട്ടു വാടക ക്രമാതീതമായി ഉയർന്നു. ബാങ്ക് വായ്പയിൻ മേലുള്ള പലിശ ദിനംപ്രതി ഉയർന്നു കൊണ്ടിരിക്കുന്നു. ഇത് മൂലം ഉപ്പു മുതൽ ബർഗർ വരെയുള്ള സാധനങ്ങളുടെ വില കുതിച്ചു ഉയർന്നു.
രാജ്യത്തു തൊഴിലില്ലായ്മ വർദ്ധിച്ചു വരുമ്പോൾ തന്നെ വിസിറ്റിങ് വിസയിൽ വന്നു ജോലി തേടാമെന്ന തെറ്റായ ഇമ്മിഗ്രെഷൻ പോളിസിയും, കണക്കില്ലാത്ത വിധം പഠിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുട്ടികളെ കൊണ്ട് വന്നതും, അമേരിക്കയിൽ ജോലി നഷ്ടം ആയവരെ ഇങ്ങോട്ടേക്കു വിളിച്ചു കയറ്റുന്നതും, ഒക്കെ സ്വന്തം താടി താങ്ങാൻ വയ്യാത്തവൻ കരക്കാരുടെ അങ്ങാടി താങ്ങാൻ നോക്കിയ അവസ്ഥയിൽ ആണിന്ന് കാനഡ…
തെരുവുകളിൽ അന്തി ഉറങ്ങുന്നവരുടെ എണ്ണം കൂടുന്നു. അക്രമവും, കൊള്ളയും വർദ്ധിക്കുന്നു. ഇനി നാട്ടിലേക്ക് ഒന്ന് പോകാമെന്നു വെച്ചാൽ ടിക്കറ്റിനും തീ വില.
ഇങ്ങനെ കാനഡയിലെ ആളുകൾ തെക്ക് വടക്കു ഓടുമ്പോൾ അങ്ങ് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും 2023 സെപ്റ്റംബർ ഇൻടേക്കിലേക്ക് 7236 കുട്ടികൾ ഒറ്റ ഏജൻസിയിൽ നിന്നും ഒറ്റ അടിക്ക് വരുന്നതു റെക്കോർഡ് ആയി മാറിയിരിക്കുന്നു. അടിപൊളി… ആഹ്ളാദിപ്പാൻ ഇതിൽ കൂടുതൽ എന്ത് വേണം.. ആഹ്ളാദിപ്പീൻ …ആഹ്ളാദിപ്പീൻ …
ഇത്രയും കുട്ടികൾ ഒരുമിച്ചു ഇറങ്ങിയാൽ അവർക്കു കറക്കാനും മാത്രം പശുക്കൾ ഇവിടെ ഉണ്ടാകുമോ ആവോ….പറിക്കാനും മാത്രം ആപ്പിൾ ഉണ്ടാകുമോ ആവോ… ഗ്യാസ് അടിച്ചു കൊടുക്കാനും മാത്രം ഗ്യാസ് സ്റ്റേഷനുകൾ ഉണ്ടാകുമോ ആവോ….


