പത്തനംതിട്ടയിൽ റെഡ് അലർട്ട് ; മൂന്നിടത്ത് ഉരുള്‍പൊട്ടി

Kerala Pathanamthitta

പത്തനംതിട്ടയിൽ റെഡ് അലർട്ട് ; മൂന്നിടത്ത് ഉരുള്‍പൊട്ടി

പത്തനംതിട്ട – കനത്ത മഴ. മൂന്നിടത്ത് ഉരുള്‍പൊട്ടി. വയോധിക ഒഴുക്കിപ്പെട്ട് കാണാതായതായി സംശയിക്കുന്നു. ജില്ലാ ആസ്ഥാനം വെള്ളത്തില്‍ മുങ്ങി. ഉച്ച കഴിഞ്ഞ് രണ്ടിന് തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു. മേഘവിസ്‌ഫോടനം സംശയിക്കുന്നു. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിയും മിന്നലുമായി രണ്ടരയോടെ തുടങ്ങിയ മഴ അതിവേഗം ശക്തി പ്രാപിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ചുരുളിക്കോട് ഉരുള്‍പൊട്ടിയെന്ന് സംശയം. തിരുവല്ല-കുമ്പഴ റോഡിലൂടെ വൈകിട്ട് നാലു മണിയോടെയാണ് മലവെള്ളം പാഞ്ഞെത്തിയത്. അതിശക്തമായ വെള്ളപ്പാച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. ചുരുളിക്കോടുള്ള ടാറ്റാ മോട്ടോഴ്‌സിന്റെ സമീപത്താണ് മലവെള്ളം ഇരമ്പിയെത്തിയത്. ഇതോടെ റോഡു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. അതിശക്തമായ വെള്ളപ്പാച്ചിലില്‍ ഇരുചക്രവാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നു പോകാന്‍ ബുദ്ധിമുട്ടി.

വിവരമറിഞ്ഞെത്തിയ ട്രാഫിക് എസ്‌ഐ അജി സാമുവലിന്റെ നേതൃത്വത്തില്‍ ഗതാഗതം നിയന്ത്രിച്ചു. ഫയര്‍ഫോഴ്‌സിനെയും അദ്ദേഹം വിളിച്ചു വരുത്തിയിരുന്നു. സമീപത്തെ ഉയര്‍ന്ന പ്രദേശത്തു നിന്നുമാണ് വെള്ളപ്പാച്ചില്‍ ഉണ്ടായത്. അരമണിക്കുറോളം ഗതാഗതം തടസപ്പെട്ടിരുന്നു. പൊലീസ് നിയന്ത്രിച്ച് വാഹനങ്ങള്‍ കടത്തി വിട്ടതോടെയാണ് ഗതാഗത കുരുക്ക് അഴിഞ്ഞത്.

ചെന്നീര്‍ക്കര പഞ്ചായത്ത് ആറാം വാര്‍ഡിലും ഉരുള്‍പൊട്ടിയിട്ടുണ്ട്. വെള്ളം കുത്തിയൊലിച്ച് പുറത്തേക്ക് പാഞ്ഞു. കൃഷി നാശം നേരിട്ടുവെന്നും പ്രാഥമിക റിപ്പോര്‍ട്ട്. രാത്രിയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള അന്തരീക്ഷത്തിലേക്ക് മഴ പൊട്ടി വീണത് പെട്ടെന്നായിരുന്നു. മേഘവിസ്‌ഫോടനം പോലെ മഴ ഇരമ്പിയാര്‍ത്ത് പെയ്തു. മിനുട്ടുകള്‍ക്കകം വെള്ളം കുത്തിയൊലിച്ചെത്തി. റോഡുകളിലും കടകളിലും വെള്ളം കയറി. റോഡുകളില്‍ തോടു പോലെ ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടായി.

വ്യാപാര സ്ഥാപനങ്ങളിലും പെട്രോള്‍ പമ്പിലും വെള്ളം കയറി. സെന്‍ട്രല്‍ ജങ്ഷന്‍സ്‌റ്റേഡിയം ജങ്ഷന്‍ റോഡിലെ വ്യാപാര കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. മുട്ടറ്റം വരെ കയറിയ വെള്ളം ബക്കറ്റുപയോഗിച്ച് കോരിക്കളയാന്‍ കടക്കാര്‍ നന്നേ പ്രയാസപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവിടേക്കെല്ലാം വെള്ളം ഇരച്ചു കയറി.

പല കടകളും റോഡിനേക്കാള്‍ താഴ്ന്ന ഭാഗത്താണുള്ളത്. ചെറിയ മഴ പെയ്താല്‍പ്പോലും ഇവിടെ വെള്ളം കയറാനുള്ള സാധ്യത ഏറെയാണ്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് കനത്ത നാശനഷ്ടവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലൊന്നും ഇതുപോലെ കടകളില്‍ വെള്ളം കയറിയിരുന്നില്ല. ഓടകള്‍ നിറഞ്ഞു കവിഞ്ഞതാണ് വെള്ളം കയറാന്‍ കാരണം. നേരത്തെ ടൗണിലെ ഓടകളുടെ മേല്‍മൂടികള്‍ ഇളക്കിമാറ്റി ശുചീകരിച്ചിരുന്നെങ്കിലും ഈ ഭാഗങ്ങളില്‍ നടന്നിരുന്നില്ല. കല്ലും മണ്ണും അടിഞ്ഞ് ഓടകളെല്ലാം ഉപയോശൂന്യമായിരിക്കുകയാണ്.

അടിയന്തിരമായി ഓടകള്‍ വൃത്തിയാക്കി കടകളില്‍ വെള്ളം കയറുന്ന സ്ഥിതി ഒഴിവാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു. റിങ് റോഡില്‍ ജെ മാര്‍ട്ടിന് സമീപം പെട്രോള്‍ പമ്പില്‍ വെള്ളം കയറി. വെട്ടിപം ഗവ. എല്‍.പിഎസിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയില്‍ തകര്‍ന്നു വീണു. ഡോക്‌ടേഴ്‌സ് ലേനിലെ റോഡ് തോടായി മാറി.

ഇലന്തൂര്‍, നാരങ്ങാനം, ചെന്നീര്‍ക്കര, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും അതിതീവ്ര മഴ അനുഭവപ്പെട്ടു. വെട്ടിപ്രത്തിന് സമീപം പെരിങ്ങമലയില്‍ മലവെള്ളപ്പാച്ചില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട് ഇലന്തൂര്‍ പരിയാരം തുമ്പമണ്‍തറ ഭാഗത്ത് തോട് കവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. തുമ്പമണ്‍തറ തേയില മണ്ണില്‍ എസ്‌റ്റേറ്റിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടായി വന്‍ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. പത്തനംതിട്ട പൂക്കോട് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. തോടുകള്‍ കരകവിഞ്ഞൊഴുകുന്നു. നാരങ്ങാനം പുന്നോണ്‍ പാടത്ത് മടവീണു. കൃഷി നാശം വ്യാപകം.

പത്തനംതിട്ട കെഎസ്ആര്‍ടിസി ഗാരേജില്‍ വെള്ളം കയറി. ഇവിടെ സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ വെള്ളം കയറി നശിച്ചു. പരിയാരം തേയില മണ്ണില്‍ എസ്‌റ്റേറ്റിന് സമീപം ഉരുള്‍പൊട്ടലുണ്ടായി. മണ്ണും വെള്ളവും ഒലിച്ചിറങ്ങി താഴ്ന്ന പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായി. പാടങ്ങള്‍ നികന്നു. നാരങ്ങാനം മഞ്ഞപ്രയില്‍ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ സുധ (75)യെ കാണാതായതായി സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ് എത്തി തെരച്ചില്‍ നടത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *