ഈ ചെറുവളളി തോട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ല ശബരിമല വിമാനത്താവളം ; സജിത്ത് പരമേശ്വരൻ എഴുതുന്നു

Kerala Kottayam Pathanamthitta

പത്തനംതിട്ട : എരുമേലിയിലെ നിര്‍ദ്ദിഷ്‌ട ശബരിമല വിമാനത്താവളത്തിനാവശ്യമായ സ്‌ഥലം ചെറുവള്ളിതോട്ടത്തില്‍നിന്നു മാത്രം കണ്ടെത്താന്‍ കഴിയില്ലെന്ന്‌ സാമൂഹ്യാഘാത പഠന റിപ്പോര്‍ട്ട്‌. ആകെ 1039 ഹെക്‌ടറാണ്‌ (2566.33 ഏക്കര്‍) പദ്ധതിക്കായി വേണ്ടിവരുക. ഇതില്‍ 916.27 ഹെക്‌ടര്‍ (2263 ഏക്കര്‍) വരുന്ന ചെറുവള്ളി തോട്ടം പൂര്‍ണമായി എടുക്കുന്നതോടൊപ്പം 123.53 ഹെക്‌ടര്‍ (305 ഏക്കര്‍) കൂടി പുറത്തുനിന്നും കണ്ടെത്തേണ്ടിവരും. റിപ്പോര്‍ട്ട്‌ പ്രകാരം 579 കുടുംബങ്ങളെ ഒഴിപ്പിക്കണം. ഇതില്‍ ചെറുവള്ളി തോട്ടത്തില്‍ താമസിക്കുന്ന 221 കുടുംബങ്ങളെ കൂടാതെ 358 ഭൂ ഉടമകളും ഉള്‍പ്പെടുന്നു.

പദ്ധതി നടത്തിപ്പിന്‌ ഭൂമി വിട്ടുനല്‍കുമ്പോള്‍ അതിന്‌ അര്‍ഹമായ നഷ്‌ടപരിഹാരം ലഭിക്കുമൊ എന്ന ആശങ്കയിലാണ്‌ നാട്ടുകാര്‍. 2013-ലെ ലാന്‍ഡ്‌ അക്യുസിഷന്‍ ആക്‌റ്റ്‌ പ്രകാരമുള്ള താരിഫ്‌ അനുസരിച്ചാകും ഭൂമി ഏറ്റെടുക്കലെന്നാണ്‌ അനൗദ്യോഗിക ഭാഷ്യം. അങ്ങനെയെങ്കില്‍ പദ്ധതിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന്‌ ഭൂ ഉടമകള്‍ പറഞ്ഞു.

പദ്ധതി വരണമെന്നുതന്നെയാണ്‌ കോണ്‍ഗ്രസ്‌ നിലപാട്‌. ഇതുവരെയുള്ള വിവിധ അനുമതികള്‍ക്ക്‌ പിന്നില്‍ ആന്റോ ആന്റണി എം.പിയുടെ പ്രയത്നം ഏറെയുണ്ട്‌. ദേശീയ പാത ഏറ്റെടുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാരം ചെറുവള്ളി വിമാനത്താവളത്തിന്റെ കാര്യത്തിലും നല്‍കണമെന്ന്‌ ആന്റോ ആന്റണി ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക്‌ ലഭിച്ചുകഴിഞ്ഞു. പരിസ്‌ഥിതി പഠന റിപ്പോര്‍ട്ടുകൂടി അനുകൂലമായാല്‍ അന്തിമ അനുമതി ലഭ്യമാകും.

2008-ലെ ഗ്രീന്‍ ഫീല്‍ഡ്‌ വിമാനത്താവള നയം അനുസരിച്ച്‌ 2020 ജൂണിലാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ സംരംഭമായ കെ.എസ്‌.ഐ.ഡി.സി. വിമാനത്താവളം നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാരിന്‌ അപേക്ഷ നല്‍കിയത്‌. എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ, പ്രതിരോധ മന്ത്രാലയം, ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ എന്നിവരുമായി കൂടി ആലോചിച്ചശേഷം വ്യോമയാന മന്ത്രാലയം അപേക്ഷ സ്വീകരിച്ചു. സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കെ.എസ്‌.ഐ.ഡി.സി. സമര്‍പ്പിച്ചു. കൂടാതെ ഭൂമി ലഭ്യത, ആഘാത പഠനം, ആഭ്യന്തര റിട്ടേണ്‍ നിരക്ക്‌ എന്നിവ സംബന്ധിച്ച വിശദാംശങ്ങളും കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രത്തിനു കൈമാറി.

നിര്‍ദ്ദിഷ്‌ട വിമാനത്താവളത്തില്‍നിന്നും 150 കി.മീറ്റര്‍ പരിധിയിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും വിശദാംശങ്ങളും വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ അതും സമര്‍പ്പിച്ചുകഴിഞ്ഞു. പരിസ്‌ഥിതി ആഘാത പഠന റിപ്പോര്‍ട്ട്‌ ലഭിച്ചുകഴിഞ്ഞാല്‍ അന്തിമ അനുമതിയായി. തുടര്‍ന്നാണ്‌ ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുക.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *