തിരുവല്ല: പരുമലയിലെ നാക്കടയിൽ ദമ്പതികളെ മകൻ വെട്ടിക്കൊന്നതിന് കാരണംസ്വത്തു തർക്കമെന്ന് പൊലീസ്. തികച്ചു ആസൂത്രിതമായിട്ടാണ് പരുമല നാക്കട കൃഷ്ണവിലാസം സ്‌കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെ മകൻ അനിൽ കുമാർ ( കൊച്ചുമോൻ 50) കൊലപ്പെടുത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. മകന്റെ അക്രമം ഭയന്ന് നിരവധി തവണ ദമ്പതികൾ പുളിക്കീഴ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. വാടക വീടെടുത്ത മാറി താമസിക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു നാടു നടുക്കിയ സംഭവം. വാക്കേറ്റത്തിനിടെ വീടിനുള്ളിൽ വച്ച് കൃഷ്ണൻ കുട്ടിക്കാണ് ആദ്യം വെട്ടേറ്റത്. തടസം പിടിക്കാനെത്തിയപ്പോഴാണ് ശാരദയെ വെട്ടിയത്. മുറിവേറ്റ ഇരുവരും വീടിന് വെളിയിലേക്ക് ഓടി. പിൻതുടർന്ന അനിൽ കൂടുതൽ അക്രമാസക്തനായി ഇരുവരെയും തുരുതുരാ വെട്ടുകയായിരുന്നു. മൃതദേഹങ്ങളിൽ കഴുത്തിൽ അടക്കം ആഴത്തിലുള്ള നിരവധി മുറിവുകളുണ്ട്. സംഭവം കണ്ട് ഓടിക്കൂടിയ സമീപവാസികൾക്ക് നേരെയും അനിൽ കൊലവിളി നടത്തി.തുടർന്ന് പൊലീസ് എത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. ഫോറൻസിക് സംഘം എത്തി പരിശോധനക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാലങ്ങളായി കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അയൽക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. പ്രതി അനിൽ രണ്ടു തവണ വിവാഹം കഴിച്ചിരുന്നുവെങ്കിലും അതെല്ലാം വേർപെടുത്തി. കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മൂന്ന് മക്കളിൽ ഇളയ മകനാണ് അനിൽ. മകന്റെ ശല്യം സഹിക്കാനാവാതെ കൃഷ്ണൻകുട്ടിയും ഭാര്യ ശാരദയും കഴിഞ്ഞ രണ്ടു മാസക്കാലമായി വാടകവീട്ടിലായിരുന്നു താമസം. മൂന്ന് ദിവസം മുമ്പാണ് അനിൽ മാതാപിതാക്കളെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്.
കൊലയ്ക്കുള്ള കത്തി വാങ്ങിയത് അഞ്ചു മാസം മുൻപ്
കൊലയ്ക്കുള്ള മൂർച്ചയേറിയ കത്തി അനിൽ അഞ്ചുമാസം മുൻപ് മാന്നാറിലെ കടയിൽ നിന്നും വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു. കൃഷ്ണൻകുട്ടിയുടെ കഴുത്തിൽ മാത്രം മൂന്ന് മുറിവുകൾ ഉണ്ട് . ഇരു മൃതദേഹങ്ങളിലുമായി പത്തോളം മുറിവുകളുണ്ട്. പ്രധാന ഞരമ്പുകൾ എല്ലാം മുറിഞ്ഞ നിലയിലാണ്. അനിൽ ആസൂത്രിതമായി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് അനേ്വഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിന് പിന്നിൽ സ്വത്ത് തർക്കത്തെ തുടർന്നുള്ള പകയാണെന്ന് സംഭവ സ്ഥലത്ത് എത്തിയ ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മുതൽ സംഭവം നടന്ന വീട്ടിൽ നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
അനിൽ കുമാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് നാട്ടുകാർ
കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് വെട്ടേറ്റ് പുളയുന്ന വൃദ്ധ ദമ്പതികളെയാണ്. എന്നാൽ അടുത്തേക്ക് ചെല്ലാൻ പ്രതി ആരെയും അനുവദിച്ചില്ല. അനിൽകുമാർ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ബഹളം കേട്ട് സ്ഥലത്തെത്തിയപ്പോൾ കത്തിയുമായി നിൽക്കുന്നതാണ് കണ്ടതെന്നും നാട്ടുകാർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പ്രതിക്ക് അയൽക്കാരുമായി വലിയ ബന്ധമുണ്ടായിരുന്നില്ല. വീട്ടുകാർ അവരുമായി സഹകരിക്കുന്നതിലും എതിർപ്പുണ്ടായിരുന്നു. മുമ്പും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ എത്തുന്ന നാട്ടുകാർക്ക് നേരെ ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ ബഹളം കേട്ടാലും നാട്ടുകാർ എത്താത്ത സാഹചര്യവും ഉണ്ടായി.
മകൻ ഉപദ്രവിക്കുന്നതായി കാട്ടി മാതാപിതാക്കൾ പലവട്ടം പുളിക്കീഴ് പോലീസിൽ പരാതി നൽകിയിരുന്നു. രണ്ട് തവണ പോലീസ് സ്ഥലത്തെത്തി താക്കീത് നൽകിയതായും നാട്ടുകാർ പറഞ്ഞു. വൃദ്ധരായ മാതാപിതാക്കളെ മുമ്പും പലതവണ പ്രതി ഉപദ്രവിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് കൊല്ലപ്പെട്ട ഇരുവരും വാടക വീട്ടിലേക്ക് താമസം മാറ്റിയത്.
What do you feel about this post?
Like
Love
Happy
Haha
Sad

