ഉന്നതി പദ്ധതി ; വിദ്യാഭ്യാസ മാറ്റത്തിന്റെ വിത്തുവിതയ്ക്കും: ജില്ലാ കളക്ടർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഉന്നതി പദ്ധതി ജില്ലയിൽ വിദ്യാഭ്യാസ മാറ്റത്തിന്റെ വിത്തുവിതയ്ക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ് അയ്യർ പറഞ്ഞു. ഹയർ സെക്കൻഡറി ഉന്നതി ഏകദിന ശില്പശാലയുടെ അക്കാദമിക സെഷൻ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.

പത്തനംതിട്ട ജില്ലയിലെ 11, 12 ക്ലാസുകളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുവാനായി ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരും, മുതിർന്ന അധ്യാപകരും ചേർന്നാണ് ഉന്നതി എന്ന പേരിൽ പഠനസഹായി പദ്ധതി ജില്ലയിൽ നടപ്പാക്കി വരുന്നത്. ഓരോ വർഷവും ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ ജില്ലയിൽ അനുഭവപ്പെടുന്ന പിന്നോക്കാവസ്ഥയ്ക്ക് ഒരു ഏകജാലക പരിഹാരമാർഗമായിട്ടാണ് ഉന്നതി രൂപകല്പന ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസം എന്ന തുടർ പ്രക്രിയ ഗുണമേന്മയോടുകൂടി ലക്ഷ്യ സ്ഥാനത്ത് എത്തണമെങ്കിൽ ഓരോ കണ്ണിയിലും ശക്തമായ ഇടപെടൽ ആവശ്യമാണ്. വിദ്യാർഥി, സഹപാഠികൾ, മാതാപിതാക്കൾ, അധ്യാപകർ, സമൂഹം, സർക്കാർ-എന്നിങ്ങനെ ഓരോ തലത്തിലും ഉന്നം പിഴക്കാത്ത, ഉണർവേകുന്ന തുടർപ്രവർത്തനം അനിവാര്യമാണ്. പത്തനംതിട്ടയിലെ പുതു തലമുറയ്ക്ക് ഉന്നതി ഒരു കൈത്താങ്ങും, വഴികാട്ടിയുമാകുമെന്നും കളക്ടർ പറഞ്ഞു.

റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജില്ലാ കോ-ഓർഡിനേറ്റർ സജി വർഗീസ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സി.ബിന്ദു, പരുമല ഡി.ബി. സ്‌കൂൾ പ്രിൻസിപ്പൽ അജിത് ആർ പിള്ള, അടൂർ ഗേൾസ് സ്‌കൂൾ പ്രിൻസിപ്പൽ അഷ്‌റഫ്, കോന്നി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സന്തോഷ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *