ന്യൂഡൽഹി: റബ്ബർ വില 300 രൂപയായി ഉയർത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ലോക്‌സഭയിൽ അറിയിച്ചു . എന്നാൽ, റബ്ബർ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടി 20-ൽനിന്ന് 30 ശതമാനമായി കൂട്ടിയെന്ന് ഡീൻ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി വ്യക്തമാക്കി.
റബ്ബർ വില 300 രൂപയാക്കി വർദ്ധിപ്പിക്കാനുള്ള നടപടികൾ സംബന്ധിച്ചായിരുന്നു ഡീൻ കുര്യാക്കോസിന്റെ ചോദ്യം. എന്നാൽ അത്തരത്തിലൊരു നടപടി നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ മറുപടി നൽകി. സംസ്ഥാന സർക്കാർ റബ്ബർ കർഷകർക്കുവേണ്ടി ഒരു പാക്കേജിനായി കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. അക്കാര്യവും മന്ത്രി സൂചിപ്പിച്ചു. റബ്ബർ ബോർഡ് വഴി കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് സഹായങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന റബ്ബർ ആറുമാസത്തിനകം ഉപയോഗിക്കണം. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി വർധിപ്പിച്ചതായും അവർ പറഞ്ഞു.


