നേടിയത് മികച്ച മുന്നേറ്റം; പരീക്ഷാഫലങ്ങളിൽ സംസ്ഥാനത്ത് ഒന്നാമതെത്താൻ ജില്ലയ്ക്ക് കഴിയണം: അഡ്വ. ഓമല്ലൂർ ശങ്കരൻ

Kerala Pathanamthitta

പത്തനംതിട്ട – ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്താൻ ജില്ലയ്ക്കു കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഹൈസ്‌കൂൾ വിദ്യാർഥികളിൽ വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനും വിജയശതമാനം വർധിപ്പിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ‘മുന്നോട്ട് 2023’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഹൈസ്‌കൂൾ പ്രഥമാധ്യാപകരുടെ ജില്ലാതല യോഗം മൈലപ്ര സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ മികച്ച മുന്നേറ്റം കൈവരിക്കാൻ പത്തനംതിട്ട ജില്ലയ്ക്കു സമീപ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ പതിനാലാമതായിരുന്ന ജില്ല, ഇന്ന് എട്ടാം സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. 2023 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ല 99.81 ശതമാനം വിജയം നേടി. 10213 കുട്ടികളിൽ നിന്നും 10194 കുട്ടികൾ ഉന്നതപഠനത്തിന് അർഹത നേടി. 1570 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ+ നേടി. 166 വിദ്യാലയങ്ങളിൽ 152 വിദ്യാലയങ്ങൾ 100 ശതമാനം വിജയം കരസ്ഥമാക്കി. വരും വർഷങ്ങളിൽ ഈ സംഖ്യ ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.

വിജയശതമാനത്തിൽ പിന്നാക്കം നിൽക്കുന്ന സ്‌കൂളുകൾക്കും പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കും പ്രത്യേക ശ്രദ്ധ നൽകി അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തു നൽകണം. തന്റെ സ്‌കൂളിൽ ഒരു കുട്ടി പോലും പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നു പ്രഥമാധ്യാപകരും അധ്യാപകരും ഉറപ്പുവരുത്തണം. ഇവരെ സഹായിക്കാനായി പിടിഎയുടെ ഭാഗത്തു നിന്നു മികച്ച ഇടപെടലുണ്ടാവണം. പഠനത്തോടൊപ്പം കലാ-കായിക രംഗങ്ങളിൽ നൈപുണ്യവും വളർത്തുക എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.
സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കിഫ്ബി വഴി നിരവധി വിദ്യാലയങ്ങൾ നിർമിക്കാനും നവീകരിക്കാനും ഈ സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും ഇതുവഴി സംസ്ഥാനത്തെ വിദ്യാഭ്യാസനിലവാരം ഏറെ മെച്ചപ്പെടുത്താനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി. രാജു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി. ആർ അനില, ഡയറ്റ് അധ്യാപിക ഡോ. കെ. ഷീജ, പ്രഥമാധ്യാപകർ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *