ആറന്മുള വിമാനത്താവളത്തിൽ കുടിൽ കെട്ടിയവർ ഇന്ന് വിതുമ്പുന്നു ;

Pathanamthitta Kerala

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി മേഖലയിൽ കുടിൽകെട്ടി സമരം ആരംഭിച്ച ഭൂരഹിതർക്ക് 10 വർഷത്തിനിപ്പുറം പറയാനുള്ളത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹൃദയ വിശാലതയും സിപിഎം ഒരുക്കിയ ചതിക്കുഴികളെയും പറ്റി. ഭൂമി ലഭിക്കുമെന്ന സിപിഎം പ്രലോഭനത്തിൽ വിശ്വസിച്ച് 2012-13 കാലത്താണ് ആറന്മുള വിമാനത്താവള പദ്ധതി മേഖലയിൽ നിർധന ജനവിഭാഗം കുടിൽ കെട്ടി സമരമാരംഭിച്ചത്. ഉമ്മൻചാണ്ടി മന്ത്രിസഭയുടെ അവസാന കാലത്ത് ചെന്നൈ ഹരിത കോടതി പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ റദ്ദു ചെയ്തതോടെ വിമാനത്താവള പദ്ധതി ഏറെക്കുറെ അവസാനിച്ചു.

അതോടെ സിപിഎം നേതൃത്വം നൽകിയ സമരത്തിനും സമാപനമായി. പദ്ധതി മേഖലയിൽ കുടിൽ കെട്ടിയവർ ഒറ്റയ്ക്കായി. സമരം ചെയ്ത പാവങ്ങളെ പിന്നീട് പാർട്ടി തിരിഞ്ഞു നോക്കിയില്ല. വെള്ളവും വെളിച്ചവും ഭക്ഷണവുമില്ലാതെ ചോർന്നൊലിക്കുന്ന കുടിലുകളിൽ കുട്ടികളും വൃദ്ധരും അടങ്ങുന്ന സമരക്കാർ വർഷങ്ങളായി ജീവിച്ചു വരുന്നു. 2018-ലെ മഹാപ്രളയത്തിൽ ഇവരുടെ കുടിലുകൾ ഒലിച്ചു പോയി. സഹായത്തിന് ആരും എത്തിയില്ല. ഒടുവിൽ ആറന്മുള മിച്ചഭൂമി സമര സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറായിരുന്ന പി.ബി നൂഹിന് സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് പതിനായിരം രൂപ ആശ്വാസ സഹായം ലഭിച്ചത്.

യഥാർഥത്തിൽ സി.പി.എം തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് സമരഭൂമി വിട്ടവർ പറയുന്നു. ആറന്മുള പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയത് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ, പദ്ധതി പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ചതും ഇടത് സർക്കാർ. 2011-ൽ അധികാരത്തിലെത്തിയ ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത് പദ്ധതിക്കായുള്ള തുടർ നടപടികൾ മാത്രം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്തിരുന്നുവെങ്കിൽ തങ്ങൾക്ക് കിടക്കാൻ ഒരു കൂരയെങ്കലും ലഭിക്കുമായിരുന്നുവെന്ന് ഇന്നിവർ ഓർക്കുന്നു.

സമരം നടന്ന കാലത്ത് ഉമ്മൻ ചാണ്ടിക്ക് വേണമെങ്കിൽ ബലപ്രയോഗത്തിലൂടെ തങ്ങളെ പുറത്താക്കാമായിരുന്നു. അദ്ദേഹം അതിന് മുതിർന്നില്ല. പദ്ധതി മേഖല മിച്ചഭൂമിയായി ഏറ്റെടുക്കാൻ പോലും ഇടത് സർക്കാർ ശ്രമിച്ചില്ല. ഇപ്പോഴും ചില സമരങ്ങൾക്ക് ആളെ കൂട്ടാൻ ഇടത് നേതാക്കൾ ഈ പാവങ്ങളെ സമീപിക്കാറുണ്ടെന്ന് മുൻ സമരസമിതി കൺവീനർ ശരണ്യാ രാജ് പറയുന്നു. പമ്പാ നദിയിൽ ജലനിരപ്പുയർന്നാൽ സമരഭൂമി ചെളിക്കുണ്ടിലാകും. പിന്നീട് കൈയിൽ കിട്ടുന്നതും എടുത്തു കൊണ്ട് സുരക്ഷിത ഇടം തേടിയുള്ള ഓട്ടമാണ്. എന്ന് ഈ ദുരിത ജീവിതത്തിന് അറുതിയുണ്ടാകുമെന്ന ചിന്തയിലാണ് ഇവർ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *