സംസ്ഥാനത്തെ ആദ്യ സ്‌കിൽ ഹബ് റാന്നിയിൽ സ്ഥാപിക്കും: അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

Pathanamthitta

റാന്നി – കേരളത്തിലെ ആദ്യ സ്‌കിൽ ഹബ് റാന്നിയിൽ സ്ഥാപിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. റാന്നി മണ്ഡലത്തിൽ റെയിൻ(റാന്നി ഇനിഷ്യേറ്റീവ് എഗൻസ്റ്റ് നാർക്കോട്ടിക്‌സ്) പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റാന്നി ബ്ലോക്ക് ഓഫീസിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎൽഎ. സ്‌കിൽ ഹബ് സ്ഥാപിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റെയിൻ പദ്ധതിയിലൂടെ സ്‌കൂളുകളിൽ കൗൺസിലിംഗുകൾ നടത്തും. പ്ലസ് വൺ വിദ്യാർഥികളിലാണ് ആദ്യം നടത്തുക. രണ്ടാം ഘട്ടം സ്‌കൂളുകളിൽ നടത്തും. ലഹരിക്കെതിരെ വിദ്യാർഥികളെ ഒന്നിപ്പിച്ചാണ് റെയിൻ പദ്ധതി റാന്നി മണ്ഡലത്തിൽ നടത്തുന്നത്. റെയിൻ പദ്ധതി ജനകീയമായി മാറുവാൻ ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ഭാവി വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാർഥികൾ ലഹരിയുടെ ആസക്തിയിൽ നിന്ന് സമൂഹത്തെ കൈപിടിച്ച് ഉയർത്തേണ്ടവരാണെന്ന കാഴ്ചപ്പാട് ഉൾക്കൊണ്ടാണ് വിദ്യാർഥികളെ ഇത്തരത്തിലുള്ള പ്രവർത്തനത്തിലേക്ക് കൊണ്ടുവന്നത്.

മൂന്ന് ഘട്ടമായിട്ടാണ് റെയിൻ പദ്ധതി നടത്തുന്നത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്‌സ് ടീമിനെ രൂപീകരിച്ച് അവർക്ക് പരിശീലനം നൽകുകയാണ് ആദ്യം ഘട്ടത്തിൽ. ഇങ്ങനെ പരിശീലനം നേടിയവർ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ശാസ്ത്രീയമായ അവബോധ പ്രവർത്തനത്തിൽ ഭാഗഭാക്കാകും. കുട്ടികളുടെ അഭിരുചികൾ കണ്ടെത്തുന്നതിന് ഒരു ടീമിനേയും, മറ്റു പ്രവർത്തനങ്ങൾക്കായി മറ്റൊരു ടീമിനേയും സ്‌കൂൾ കൗൺസിലർമാരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റാന്നിയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ്, പോളിടെക്‌നിക്, ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ആർമി എസ്പിസി മാതൃകയിൽ രൂപീകരിച്ചു.

രണ്ടാംഘട്ടത്തിൽ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകർത്താക്കൾക്ക് അവബോധം നൽകും. അതിനുശേഷം ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗൽഭരെ ഉൾപ്പെടുത്തി ജാഗ്രത സമിതികളും രൂപീകരിക്കും. തുടർന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങൾക്ക് ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും. കുട്ടികൾക്ക് ഈ വിഷയത്തിൽ നേരിടുന്ന പ്രശ്‌നങ്ങളുടെ മേൽ അവരെ സഹായിക്കുവാനും സർഗാത്മക പ്രവർത്തനങ്ങളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി സ്റ്റുഡൻസ് സെന്ററും റാന്നിയിൽ തുടങ്ങുമെന്നും എംഎൽഎ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ചെറുകോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ്, റാന്നി എക്‌സൈസ് സി.ഐ. വി.എ. സഹദുള്ള, സൈക്കോളജിസ്റ്റ് സ്മിത, എം.ഇ.എസ്.കോളജ് സോഷ്യൽ വർക്ക് എച്ച്.ഒ.ഡി. ചിഞ്ചു ചാക്കോ, ജില്ലയിലെ സ്‌കൂൾ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *