ഉമ്മൻ ചാണ്ടിക്ക് കേരളം വിടനൽകി.

Kerala Kottayam
Print Friendly, PDF & Email

കോട്ടയം – ജനലക്ഷങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കുഞ്ഞൂഞ്ഞിന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ ഇനി അന്ത്യവിശ്രമം. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആരംഭിച്ച സംസ്‌കാര ശുശ്രൂഷകൾ അർദ്ധരാത്രി പന്ത്രണ്ട് മണിയോടെയാണ് പൂർത്തിയായത്. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. കർദിനാൾ മാർ ആലഞ്ചേരി അടക്കമുള്ള വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുത്തു. 20 മെത്രാപ്പൊലിത്തമാരും 1000 പുരോഹിതൻമാരും അന്ത്യചടങ്ങിന്റെ ഭാഗമായി.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്ന് ബുധനാഴ്ച രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ജൻമനാട്ടിലേക്കെത്തിയപ്പോൾ അക്ഷരാർഥത്തിൽ പുതുപ്പള്ളി സങ്കടക്കടലായി. 35 മണിക്കൂറോളം നീണ്ട ആ വികാരഭരിതമായ യാത്ര ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ സ്‌നേഹത്തിന്റെ നേർസാക്ഷ്യമായി. കുഞ്ഞൂഞ്ഞ് ഇനി തങ്ങൾക്കൊപ്പമില്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ പുതുപ്പള്ളിക്കാർ നിറകണ്ണുകളോടെ പ്രിയ നേതാവിന് വിടചൊല്ലി.

 

Leave a Reply

Your email address will not be published. Required fields are marked *