പത്തനംതിട്ട: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. സെൻട്രൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന ശാന്തി ഹോട്ടലിൽ നിന്നും ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഏകദേശം അഞ്ചു കിലോ ഗ്രിൽഡ് ചിക്കൻ, ചില്ലി ചിക്കൻ എന്നിവ പിടിച്ചെടുത്തു.
കോളജ് റോഡിൽ ഫെഡറൽ ബാങ്കിന് സമീപം രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന സ്മിഹേഷ് എന്നയാളുടെ തട്ടുകടക്കായി ഭക്ഷ്യ വിഭവങ്ങൾ ഉണ്ടാക്കുന്നതിനായി നാലാം വാർഡിൽ ഒരു വീട്ടിൽ പ്രവർത്തിക്കുന്ന അടുക്കളയിൽ നിന്നും പഴകിയ ഇറച്ചി ഉൾപ്പെടെയുള്ളവയും പിടിച്ചെടുത്തു. ഒൻപത് സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, നിർമാണത്തീയതി രേഖപ്പെടുത്താത്ത കുപ്പികളിലെ ശീതള പാനീയങ്ങൾ എന്നിവയും പിടിച്ചെടുത്തു.
സേഫ് ടു ഈറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരിശോധനകൾ തുടർന്നും നടത്തുമെന്ന് ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ വിനോദ്, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു, സുജിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


