‘സഹജീവികളോട് ആർദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മൻ ചാണ്ടി സാറിൻറെ പങ്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ല’ : മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: സഹജീവികളോട് ആർദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മൻ ചാണ്ടി സാറിൻറെ പങ്ക് വിസ്മരിക്കുവാൻ കഴിയുന്നതല്ലയെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തകേരള സമൂഹത്തിനു ആദർശ മാതൃക ആക്കുവാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിത്വമാണ് കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി സാർ. അദ്ദേഹത്തിൻറെ വിട വാങ്ങൽ നമ്മുടെ രാജ്യത്തിനു തന്നെ ഒരു തീരാനഷ്ടമാണ്.

ദീർഘ വീക്ഷണത്തോടെയുള്ള ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിലും, നിലപാടുകൾ സ്വീകരിക്കുന്നതിലും തൻറേതായ തനതുശൈലിയും വ്യക്തിമുദ്രയും പതിപ്പിച്ച ഉമ്മൻ ചാണ്ടി സാർ ബിലീവേഴ്സ് ഈസ്റ്റേൺ സഭയെ സംബന്ധിച്ചിടത്തോളം ഒരു നല്ല അഭ്യുദയകാംക്ഷിയും സഭയുടെ ഉറ്റ സുഹൃത്തും ആയിരുന്നു.

ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേർത്തുനിർത്തുന്നതിലും തൻറെ ഭരണകാലങ്ങൾ കേരള ജനതയ്ക്കും പ്രത്യേകിച്ച് സാധാരണക്കാരായ എല്ലാ പൗരന്മാർക്കും സുവർണ്ണ കാലഘട്ടമായിരുന്നു. ഞങ്ങളുടെ സഭാ സംബന്ധമായി പ്രത്യേക ക്ഷണിതാവായി അദ്ദേഹം വന്നിട്ടുള്ള എല്ലാ അവസരങ്ങളിലും സഭയോടുള്ള അദ്ദേഹത്തിൻറെ താഴ്മയും വിനയത്തോടെയുള്ള ഇടപെടലുകളും ഞങ്ങൾക്ക് വലിയ പ്രചോദനവും സന്തോഷവും നൽകുന്നതായിരുന്നു.ആ സ്നേഹസഹകരണങ്ങൾ നന്ദിയോടെ ഓർക്കുന്നു.

ഉമ്മൻ ചാണ്ടി സാറിൻറെ ദേഹവിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളോടൊപ്പം സഭ പങ്കുചേരുകയും ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പ്രാർത്ഥനകളും അനുശോചനവും രേഖപ്പെടുത്തുകയും ചെയ്യുന്നതായി മെത്രാപ്പോലീത്ത കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *