ന്യൂഡൽഹി: കേരളത്തിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ഒരു ഹർജി അനുവദിച്ചാൽ പലയിടത്തുനിന്നും സമാനഹർജികൾ എത്തുമെന്ന് കോടതി നിരീക്ഷിച്ചു.
തിരൂർ സ്വദേശിയായ പി.ടി.ഷിജീഷാണ് വിഷയത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഏറെ ജനസാന്ദ്രതയുള്ള ജില്ലയായ മലപ്പുറത്തെ തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പില്ലാത്തതിന് പിന്നിൽ രാഷ്ട്രീയകാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എന്നാൽ ട്രെയിനിന് സ്റ്റോപ്പ് തീരുമാനിക്കേണ്ടത് കോടതിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതൊരു നയപരമായ തീരുമാനമാണ്. ഇപ്പോൾ ഇത് അനുവദിച്ചാൽ ഡൽഹി മുതൽ മുംബൈ വരെ ഓടുന്ന പല വന്ദേഭാരത് ട്രെയിനുകളുമായി ബന്ധപ്പെട്ട് നിരവധി ഹർജികളെത്തുമെന്നും കോടതി പറഞ്ഞു.


