ന്യൂഡൽഹി – രാജ്യത്ത് ഏറ്റവും കൂടുതൽ ഇ – ബസുകൾ സർവ്വീസ് നടത്തുന്ന നഗരമായി ഡൽഹി മാറുകയാണ്. പുതുതായി 500 ഇലക്ട്രിക് ബസുകൾകൂടി റോഡിലിറക്കിയതോടെ രാജ്യതലസ്ഥാനത്തെ ഇ – ബസുകളുടെ ആകെയെണ്ണം 8000 ആയി വർദ്ധിച്ചു. ഇന്ത്യയിലെ തന്നെ ഉയർന്ന കണക്കാണിതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഇന്ദ്രപ്രസ്ഥ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ലെഫ്. ഗവർണർ വി.കെ. സക്സേനയും ചേർന്ന് പുതിയ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി.

കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാന സർക്കാർ പുതിയ വൈദ്യുത ബസുകൾ വാങ്ങിയത്. സംസ്ഥാന സർക്കാർ 3674 കോടിരൂപ ചെലവാക്കുന്നുണ്ട്. കേന്ദ്ര സബ്സിഡിയായി 417 കോടി രൂപ ലഭിക്കും. പദ്ധതിക്കുകീഴിൽ ആകെ 921 ഇ-ബസുകളാണ് വാങ്ങുന്നത്. ബാക്കി 121 ബസുകളും അടുത്തഘട്ടത്തിലിറക്കും. എ.സി., യാത്രികരുടെ സുരക്ഷയ്ക്കായി സി.സി.ടി.വി. ക്യാമറകൾ, അപായമണി എന്നീ സൗകര്യങ്ങൾക്കുപുറമെ ഭിന്നശേഷി സൗഹൃദവുമാണ് പുതിയ ബസുകൾ.



