ആനവണ്ടി തിന്നുന്നവർക്ക് മൂക്കുകയറിടാൻ ബിജു പ്രഭാകറിനാകുമോ ?

Kerala Special
Print Friendly, PDF & Email

തിരുവനന്തപുരം: ധനകാര്യ വകുപ്പ് ശമ്പളത്തിനുള്ള തുക വൈകിക്കുന്നതിന്റെ പേരിൽ കെഎസ്ആർടിസി സിഎംഡി ഒഴിയേണ്ട കാര്യമില്ലെന്ന നിലപാടാണ് ഗതാഗത മന്ത്രി സ്വീകരിച്ചിരിക്കുന്നത് . സിഎംഡി ഉന്നയിച്ച വിഷയങ്ങൾ ഗതാഗത മന്ത്രി മുഖ്യമന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ട്. കെഎസ്ആർടിസിയിൽ ശമ്പള വിതരണം തടസപ്പെട്ടതോടെ ഒരുവിഭാഗം ജീവനക്കാർ തന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതും, കോടതിയിൽ മറുപടി പറയേണ്ടി വരുന്ന സാഹചര്യവുമൊക്കെയാണ് ബിജു പ്രഭാകറിന്റെ മനം മടുപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ രാജി മാത്രം പ്രശ്‌നപരിഹാരം അല്ലെന്നാണ് മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.

അതേസമയം, ഉഴപ്പുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബിജു പ്രഭാകർ മുന്നറിയിപ്പ് നൽകി. കെ.എസ്.ആർ.ടി.സിയിൽ 1243 ജീവനക്കാർ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘ അവർ ഇടക്കിടക്ക് വന്നു ഒപ്പിട്ടുപോകും. അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണ്. അത്തരക്കാർ വി.ആർ.എസ് എടുത്തു പോകണം. അത്തരക്കാർക്കെതിരെ പിരിച്ചു വിടൽ നടപടിയുണ്ടാകും. നോട്ടീസ് കൈപ്പറ്റാത്തവർ വരെയുണ്ട്. ഇവരെക്കുറിച്ച് പത്രത്തിൽ ഫുൾപേജ് പരസ്യം നൽകും. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി. ഉഴപ്പുന്നവരുമായി ഇനിയും സഹിക്കാൻ കഴിയില്ല. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്നവരുണ്ട്’ -ബിജു പ്രഭാകർ ഫേസ്‌ബുക്ക് ലൈവ് പരമ്പരയിൽ പറഞ്ഞു.

തൊഴിലാളികളും മാനേജ്‌മെന്റും ഒന്നിച്ചു നിന്നാൽ സർക്കാരിന്റെയും ആരുടെയും സഹായമില്ലാതെ കെഎസ്ആർടിസിയെ മുന്നോട്ടുകൊണ്ടുപോകാമെന്ന് സിഎംഡി ബിജു പ്രഭാകർ. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കി കൂടുതൽ സർവീസുകൾ ഓടിച്ചാൽ 30 കോടി രൂപ മാസം അധിക വരുമാനം കണ്ടെത്താനാകും. പക്ഷേ ജീവനക്കാരിൽ ചിലർ സിംഗിൾ ഡ്യൂട്ടിയെ മനസിലാക്കാതെ എതിർക്കുന്നു. 8 മണിക്കൂർ ഡ്യൂട്ടി സമയത്തെ 12 മണിക്കൂർ ജോലിയെന്ന് കുറ്റപ്രചാരണം നടത്തുന്നുവെന്ന് ബിജു പ്രഭാകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *