പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതൽ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്/ കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ജൂലൈ ആറു മുതൽ ജൂലൈ ഒൻപതു വരെ നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള ദുരന്തസാധ്യതകൾ എന്നിവ ഒഴിവാക്കുന്നതിനാണ് നിരോധനം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ 2005 ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടികൾ സ്വീകരിക്കും.


