ഭരണകൂട ഭീകരക്കെതിരെ ഇനിയും പോരാടും ; ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

Politics Kerala

മാധ്യമ പ്രവർത്തകരും തൊഴിലാളികളാണ് : കേരളത്തിലെ മാധ്യമങ്ങൾക്ക്‌ സ്വാതന്ത്ര്യം വേണം : ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

മറുനാടൻ മലയാളിയുടെ ഓഫീസ് അടച്ചുപൂട്ടിയ നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് ഓൺലൈൻ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ‘ഓൺലൈൻ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ആഭ്യന്തര അടിയന്തരാവസ്ഥയെ വെല്ലുന്ന തരത്തിൽ ഭരണകൂട ഭീകരത കേരളത്തിൽ ഉടലെടുക്കുകയാണോ എന്ന് ഭയക്കുന്നു. മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതും ഒരുപാട് പേർക്ക് ജോലി നഷ്ടമാക്കുന്നതും ഫാസിസത്തിന്റെ മറ്റൊരു മുഖമായി മാറുന്നതിന്റെ തെളിവായി മാത്രമേ കാണുവാൻ സാധിക്കൂ. ഇത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.

കേസിലെ പ്രതിയെ പിടിക്കാൻ സ്ഥാപനങ്ങൾ അടച്ചുപൂട്ടിച്ചുകൊണ്ട് നടത്തുന്ന പോലീസ് നടപടികൾ ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരിശോധിക്കണം. കേസിൽ പ്രതിയായ ഷാജൻ സ്കറിയായെ പിടിക്കുന്നതിനുവേണ്ടി എന്ന വ്യാജേന സ്ഥാപനം അടച്ചു പൂട്ടിച്ച നടപടിയിൽ മുഖ്യമന്ത്രി ഇടപെടണമെന്നും സ്ഥാപനം തുറന്നു പ്രവർത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറൽ സെക്രട്ടറി ജോസ് എം.ജോർജ്ജ് (കേരളാ ന്യുസ്), ട്രഷറർ വിനോദ് അലക്സാണ്ടർ (വി.സ്കയർ ടി.വി), വൈസ് പ്രസിഡന്റ് അഡ്വ.സിബി സെബാസ്റ്റ്യൻ (ഡെയിലി ഇന്ത്യൻ ഹെറാൾഡ്‌), എമിൽ ജോൺ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി രവീന്ദ്രൻ ബി.വി (കവർസ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (ന്യുസ് ലൈൻ കേരളാ 24), അജിത ജെയ്ഷോർ (മിഷൻ ന്യൂസ്) എന്നിവർ ആവശ്യപ്പെട്ടു.

കൊടും ഭീകരനെ പിടിക്കാൻ പോകുന്ന രീതിയിലുള്ള സന്നാഹവുമായാണ് പോലീസ് ഒരു മാധ്യമ സ്ഥാപനത്തിൽ കയറി മറുനാടൻ ഓപ്പറേഷൻ നടത്തിയത്. ജീവനക്കാരുടെ വീടുകളിലും അവരുടെ ബന്ധുക്കളുടെ വീടുകളിലുംവരെ പരിശോധന നടത്തി. ലാപ്ടോപ്കളും ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഓഫീസിൽ ഉണ്ടായിരുന്ന എല്ലാ ഉപകരണങ്ങളും പോലീസ് എടുത്തുകൊണ്ടുപോയി. ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്തു എന്നൊക്കെയാണ് മാധ്യമ റിപ്പോർട്ടുകളിൽ അറിയാൻ കഴിഞ്ഞത്. കേസ് സുപ്രീംകോടതിയുടെ പരിഗണയിൽ ആണെന്നാണ് റിപ്പോർട്ട്. ഷാജൻ സ്കറിയാക്ക് എതിരെ ഉള്ള കേസിൽ നിയമപരമായ എല്ലാ നടപടികളും പോലീസിന് സ്വീകരിക്കാം. പക്ഷെ ഒരു തൊഴിലാളി പ്രസ്ഥാനം കേരളം ഭരിക്കുമ്പോൾ ഒരുപാട് പേരുടെ തൊഴിൽ നഷ്ടമാകുന്ന ഈ നടപടി ക്രൂരമാണ്.

കുത്തക മാധ്യമങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ പൂട്ടിക്കാണാൻ ആഗ്രഹിക്കുന്നവരാണ്. ഇവർക്ക് ഓൺലൈൻ ചാനലുകളോട് കടുത്ത പകയാണ്. വാർത്തകളുടെ നിയന്ത്രണം തങ്ങളുടെ കയ്യിൽനിന്നും നഷ്ടപ്പെട്ടതിൽ രോഷാകുലരാണ് ഇവർ. കുത്തക മാധ്യമങ്ങൾ മൂടിവെക്കുന്ന വാർത്തകൾ തെളിവുകൾ സഹിതം ജനങ്ങളിലേക്ക് എത്തിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ ഓൺലൈൻ ചാനലുകളെ ശത്രുക്കളെപ്പോലെയാണ് ഇവർ കാണുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് അടച്ചുപൂട്ടി മാധ്യമങ്ങളുടെയും പൗരന്മാരുടെയും വാമൂടിക്കെട്ടിയ പോലെ പോലീസിനെ കൊണ്ട് സ്വതന്ത്ര മാധ്യമങ്ങളെയടക്കം വേട്ടയാടുന്നത് ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് . അധികാരക്കസേരകളുടെ കാൽക്കൽ കഴുത്തൊടിഞ്ഞ് തൂങ്ങിക്കിടക്കുന്ന തരത്തിലേക്ക് സ്വതന്ത്ര മാധ്യമങ്ങളെ കൊണ്ട് കെട്ടിക്കാൻ ശ്രമിച്ചാൽ ഇന്ത്യൻ ജനാധിപത്യം തകരുമെന്നും ചീഫ് എഡിറ്റേഴ്സ് ഗിൽഡ് മുന്നറിയിപ്പ് നൽകി.

അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തെ ബന്ദിയാക്കിയ ദുരധികാരകാലം തുടങ്ങിയത് തന്നെ രാത്രി പ്രതിപക്ഷ നേതാക്കളെയും മാധ്യമ സ്വാതന്ത്ര്യത്തെയും തുറങ്കിലടച്ചു കൊണ്ടായിരുന്നു. അതെ അവസ്ഥയിലേക്ക് കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ചീഫ് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *