പത്തനംതിട്ട – ഭക്ഷ്യസുരക്ഷാ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായി ശനിയാഴ്ച പുലർച്ചെ പത്തനംതിട്ട കുമ്പഴ മത്സ്യമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വാഹനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോഗ്രാം പഴകിയ മത്സ്യം കണ്ടെത്തി. മതിയായ അളവിൽ ഐസ് ഇടാതെയാണ് കേര ചൂര മത്സ്യം സൂക്ഷിച്ചിരുന്നത്. ഇവ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
ഒരു കിലോഗ്രാം മത്സ്യത്തിന് ഒരു കിലോഗ്രാം ഐസ് എന്ന അനുപാദത്തിൽ ഐസ് ഇട്ടാണ് സൂക്ഷിക്കേണ്ടത്. പുലർച്ചെ രണ്ടിന് തുടങ്ങിയ പരിശോധനയിൽ ഐസ്, മത്സ്യം എന്നിവ ഉൾപ്പെടെ ആകെ 24 സാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയിൽ പരിശോധന നടത്തി. രാസപദാർഥങ്ങളുടെ സാന്നിധ്യം പരിശോധന നടത്തിയ സാമ്പിളുകളിൽ കണ്ടെത്തിയിട്ടില്ല.
ആറന്മുള ഭക്ഷ്യസുരക്ഷാ ഓഫീസർ, ഫിഷറീസ് ഓഫീസർ, ഫിഷറീസ് വകുപ്പിലെ ജീവനക്കാർ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.


