കോട്ടയം: മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്കായി പോലീസുകാർ എത്തിച്ച പ്രതി വനിതാ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചു. മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ചികിത്സയ്ക്കായി ഏറ്റുമാനൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കൊണ്ടുവന്ന പ്രതി വൈദ്യപരിശോധനയ്ക്കിടെ അക്രമാസക്തനാവുകയായിരുന്നു. തുടർന്ന് ആശുപത്രി ജീവനക്കാർ ചേർന്ന് ഇയാളെ കെട്ടിയിട്ടു. ഇതോടെ, ഡോക്ടറെ കൊല്ലുമെന്നും ബലാൽസംഗം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാൻ വൈകിയെന്ന് ഡോക്ടർ ആരോപിച്ചു. എന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്.


