ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ കുത്തിക്കൊന്നു. ഹെെദരാബാദ് സ്വദേശിനിയും ലണ്ടനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ കൊന്ദം തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ മറ്റൊരു യുവതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ആണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 23കാരനായ ബ്രസീൽ സ്വദേശിയാണ് ഇവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലണ്ടനിലെ വെംബ്ലിയിൽ തേജസ്വിനിയും സുഹൃത്തും താമസിക്കുന്ന കെട്ടിടത്തിൽ പ്രദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരു 24കാരനെയും ഒരു 23കാരിയെയുമാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവതിയെ വിട്ടയച്ചതായും 23കാരനായ മറ്റൊരു പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു.
2022 മാർച്ചിലാണ് തേജസ്വിനി ഉന്നത പഠനത്തിനായി ലണ്ടനിൽ എത്തിയതെന്ന് ബന്ധുവായ വിജയ് അറിയിച്ചു. ഒരാഴ്ച മുൻപാണ് സുഹൃത്തുക്കൾക്കൊപ്പം തേജസ്വിനി പുതിയ താമസസ്ഥലത്തേയ്ക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

