വാഴമുട്ടം യു പി സ്‌കൂളിന് പുതിയ കെട്ടിടം സാധ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാഴമുട്ടം ഗവ. യു പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിന് ഒരു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കും. എംഎല്‍എ ഫണ്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് നിര്‍മാണം സാധ്യമാക്കും. അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് സ്‌കൂള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.
വിദ്യാഭ്യാസ രംഗത്ത് വികസനപരമായ മുന്നേറ്റം കൊണ്ടുവന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നത്തിനായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവയ്ക്കുകയും നിലവില്‍ തുടരുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായ വിദ്യാ കിരണത്തിലൂടെ കുട്ടികളില്‍ ജിജ്ജാസ ഉണര്‍ത്തുന്നതിനോടൊപ്പം അറിവ് നേടാനും കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് അധ്യാപകരും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനസര്‍ക്കാരിന്റെ കിഫ്ബി ഫണ്ടും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടും എം എല്‍ എ ഫണ്ടും ഉപയോഗിച്ച് നിരവധി സ്‌കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരികയാണ്. നൂറ് വര്‍ഷം പഴക്കമുള്ള വാഴമുട്ടം ഗവ.യുപി സ്‌കൂള്‍ നാടിന്റെ സാമൂഹിക -സാമ്പത്തിക പുരോഗതിക്ക് സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മികച്ച രീതിയിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാലയമാണ് വാഴമുട്ടം ഗവണ്‍മെന്റ് യു പി സ്‌കൂളെന്നും മന്ത്രി പറഞ്ഞു.
മികച്ച അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിന്റെ തുടര്‍ച്ചയായി ജില്ലയില്‍ രണ്ടാം വര്‍ഷവും മികച്ച സ്‌കൂളായി വാഴമുട്ടം ഗവ.യുപി സ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു. 1924ല്‍ സ്ഥാപിതമായ സ്‌കൂള്‍ നാല് തലമുറകള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കി. പ്രീ പ്രൈമറി ഉള്‍പ്പെടെ ഏഴാം ക്ലാസ് വരെയാണ് ഇവിടെയുള്ളത്.
ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി. ശ്രീവിദ്യ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എസ്. മനോജ് കുമാര്‍, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, എ ഇ ഒ പത്തനംതിട്ട എസ്. സന്തോഷ് കുമാര്‍, വാര്‍ഡ് അംഗങ്ങളായ മിനി വര്‍ഗീസ്, സുജാത, അന്നമ്മ, ജി. സുരേഷ് കുമാര്‍, എന്‍. മിഥുന്‍, അമ്പിളി, എം.ആര്‍. അനില്‍കുമാര്‍, റിജു കോശി, എസ് സി ആര്‍ടിസി റിസേര്‍ച്ച് ഓഫീസര്‍ എസ്. രാജേഷ്, പത്തനംതിട്ട ബി പി സി ശോഭനാകുമാരി, പി ടി എ പ്രസിഡന്റ് എസ്. ശ്രീലക്ഷ്മി, ഗ്രാമ പഞ്ചായത്ത് പ്രധിനിധികള്‍, പ്രധാന അധ്യാപിക സ്വപ്ന കൃഷ്ണന്‍, പി ടി എ കമ്മിറ്റി ഭാരവാഹികള്‍, അധ്യാപക – അനധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


