കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒപി – ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെയും ഉദ്ഘാടനം ഇന്ന്

Kerala Pathanamthitta

കോഴഞ്ചേരി – ജില്ലാ ആശുപത്രിയിൽ നിർമിക്കുന്ന ഒപി-ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (27) രാവിലെ 11 ന് ആരോഗ്യമന്ത്രി വീണാ ജോർജ് ജില്ലാ ആശുപത്രി അങ്കണത്തിൽ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ജില്ലാപഞ്ചായത്തംഗം സാറാ തോമസ്, ഡിഎംഒ ഡോ. എൽ. അനിതകുമാരി, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 30.25 കോടി രൂപ ചിലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്ന് നിലകളിലായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചു കൊണ്ട് 30.25 കോടി രൂപ ചിലവിൽ 5858 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ ഒ പി – ഡയഗ്നോസ്റ്റിക് ബ്ലോക്ക് കെട്ടിടം നിർമിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് ഫ്ളോറിൽ 49 കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ലിംബ്സെന്ററും ഉൾപ്പെടുന്നു. കാഷ്വാലിറ്റി, എക്സ് റേ, സിറ്റി സ്‌കാൻ, മൈനർ ഒറ്റി, ട്രയാജ്, ലബോറട്ടറി ഇസിജി, ഓർത്തോ കൺസൾട്ടേഷൻ എന്നിവ താഴത്തെ നിലയിലും സർജറി, ഇഎൻടി, മെഡിസിൻ,അഡോളസന്റ്, ഡെർമറ്റോളജി, എൻസിഡി എന്നിവയടങ്ങിയ കൺസൾട്ടേഷൻ മുറികൾ, സ്പെസിമെൻ കളക്ഷൻ, ബ്ലഡ് കളക്ഷൻ, ഫാർമസി, സൈക്കാട്രി ട്രീറ്റ്മെന്റ് റൂം എന്നിവ ഒന്നാം നിലയിലും അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്, കിച്ചൻ, കാന്റീൻ, ജ്യോതിസ് ലാബ്, ജില്ലാ മാനസികാരോഗ്യ പരിപാടി, ബെഡ് ലിഫ്റ്റ്, പാസഞ്ചർ ലിഫ്റ്റ് എന്നിവ രണ്ടാം നിലയിലുമായാണ് നിർമിക്കുന്നത്. സ്റ്റെയർ, മോർച്ചറി, 87000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണി, പമ്പ് റൂം, ജനറേറ്റർ, സബ്സ്റ്റേഷൻ, ചുറ്റുമതിൽ, ഗേറ്റ് ഗാർഡ് റൂം എന്നിവ ഉൾപ്പെടുന്ന ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണ ചുമതല ഹൈറ്റ്സിനാണ്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 2.46 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ നിർമാണ ചുമതല എച്ച്എൽഎല്ലിനും നേത്രവിഭാഗത്തിന്റെ നിർമാണ ചുമതല കെഇഎസ്എൻഐകെയ്ക്കും റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിന്റെ നിർമാണ ചുമതല എച്ച് എൽഎല്ലിനും ജില്ലാ ടി. ബി ഓഫീസിന്റെ ഡിപിആർ തയാറാക്കുന്നതിന്റെ ചുമതല ഡബ്ലുഎപിസിഒഎസിനുമാണ്.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രണ്ട് കെട്ടിടങ്ങളിലായി 165 കിടക്കകളും 13 സ്പെഷ്യാലിറ്റി യൂണിറ്റുകളും 30 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും 150 സ്ഥിരം ജീവനക്കാരും 22 എൻഎച്ച്എം ജീവനക്കാരും 65 എച്ച്എംസി /കാസ്പ് ജീവനക്കാരും ജോലി ചെയ്യുന്നു. ഡയാലിസിസ് യൂണിറ്റിൽ 10 മെഷീനുകളിലായി 53 രോഗികൾക്ക് പ്രതിമാസം 530 ഡയാലിസിസും കീമോതെറാപ്പി യൂണിറ്റിൽ 180 രോഗികൾക്ക് പ്രതിമാസം 262 കീമോയും ഫിസിയോതെറാപ്പി യൂണിറ്റിൽ പ്രതിമാസം 350 രോഗികൾക്ക് ചികിത്സയും ഒപ്പം നേർവ് കണ്ടിഷൻ സ്റ്റഡിയും നടത്തിവരുന്നു. പിഒഐസിയു, എംഐസിയു, എൻഐസിയു എന്നിവയും ആറ് ഫ്രീസർ ഉള്ള മോർച്ചറിയും ആശുപത്രിയിൽ ഉണ്ട്.

ലിംബ് സെന്ററിൽ പ്രതിമാസം ആറ് രോഗികൾക്ക് കൃത്രിമ അവയവങ്ങൾ നിർമിച്ചു നൽകുന്നുണ്ട്. ജില്ലയിൽ മിഠായി ക്ലിനിക്ക് ഉള്ള ഏക സ്ഥാപനമായ ജില്ലാ ആശുപത്രിയിൽ 25 കുട്ടികൾക്ക് സേവനം നൽകുന്നു. അഡോളസന്റ് ഹെൽത്ത് സെന്ററിലും അംഗൻവാടികളിലും കുട്ടികൾക്ക് കൗൺസിലറുടെ സേവനം ലഭ്യമാക്കുന്നു. മാനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 10 സിഎച്ച്സി/ പിഎച്ച്സികളിൽ ക്ലിനിക്കുകൾ നടത്തിവരുന്നു. കൂടാതെ കാഞ്ഞീറ്റുകരയിലും വല്ലനയിലും പ്രവർത്തിക്കുന്ന പകൽവീടുകൾക്ക് നേതൃത്വം നൽകിവരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *