**അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചു
നെൽകർഷകർക്കുള്ള നെല്ലിന്റെ സംഭരണവില അടിയന്തിരമായി വിതരണം ചെയ്യണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെൽകർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികൾ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണം. തുക വിതരണം ചെയ്യുന്ന കാര്യത്തിൽ കാലതാമസം നേരിടാൻ പാടില്ല. പാടശേഖരങ്ങളിൽ കിടക്കുന്ന കേടായ കൊയ്ത്തുമെഷീനുകൾ എത്രയും വേഗത്തിൽ നീക്കം ചെയ്യണം.
തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് ഭൂമിയേറ്റെടുക്കൽ പ്രവർത്തികൾ വൈകിപ്പിക്കരുത്. സർവേയർമാരുടെ സേവനം പ്രയോജനപ്പെടുത്തി എത്രയും വേഗത്തിൽ അത് പൂർത്തിയാക്കണം. അടുത്ത ജില്ലാ വികസന സമിതിയിൽ തീരുമാനം അറിയിക്കണമെന്നും എംഎൽഎ പറഞ്ഞു. തിരുവല്ല പോലീസ് സ്റ്റേഷനു സമീപം കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്പെഷ്യൽ ഡ്രൈവ് നടത്തി ഇത് എത്രയും വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി.
അപകടങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിൽ തിരുവല്ല-മല്ലപ്പള്ളി റോഡിലും റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലും ഹംപ് വയ്ക്കുന്ന പ്രവർത്തികൾ വേഗത്തിലാക്കണം. പുളിക്കീഴ് പോലീസ് സ്റ്റേഷൻ നിർമാണത്തിന്റെ ബാക്കി പ്രവർത്തികളുടെ ടെൻഡർ ഒരുമിച്ചു ചെയ്യണമെന്നും നിർമാണം പൂർത്തീകരിക്കുന്നതിനുള്ള തുക മുഴുവൻ ലഭ്യമാക്കി നൽകണമെന്നും എംഎൽഎ പറഞ്ഞു.
തിരുവല്ല ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായി ഡിവൈഡറുകൾ സ്ഥാപിച്ച കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജൻസിയെ നിയമിച്ചത് ആരാണെന്നും പരസ്യത്തിൽ നിന്നുള്ള വരുമാനം ആർക്കാണ് ലഭിക്കുന്നതെന്നും പോലീസ് അന്വേഷിക്കണമെന്നും എംഎൽഎ പറഞ്ഞു. ആനിക്കാട് പഞ്ചായത്തിലെ തകർന്ന റോഡുകളുടെ പുനർനിർമാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കണം. മുത്തൂർ ട്രാഫിക് സിഗ്നൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സ്റ്റോപ് ലൈൻ വരയ്ക്കുന്ന പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കണമെന്നും അപകടങ്ങൾ ആ പ്രദേശത്ത് തുടർക്കഥയാകുന്നുവെന്നും എംഎൽഎ പറഞ്ഞു. തിരുവല്ല ബൈപാസിലെ നാല് ജംഗ്ഷനുകളുടെ സൗന്ദര്യവത്ക്കരണം നടത്തണമെന്നും അതിനായുള്ള സ്പോൺസർമാരെ എത്രയും വേഗത്തിൽ കണ്ടെത്തണമെന്നും മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.
മഴ വരുമ്പോൾ ഒറ്റപ്പെടുന്ന പ്രദേശങ്ങളായ അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങളിലേക്ക് നടപ്പാലം അനുവദിച്ചുവെന്നും അഭിമാനകരമായ നേട്ടമാണ് ഇതെന്നും അഡ്വ.പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. 3.97 കോടി രൂപ കുരുമ്പൻമൂഴിയിലേക്കും, 2.07 കോടി രൂപ അരയാഞ്ഞിലിമണ്ണിലേക്കും പാലം നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ പട്ടികവർഗവികസനവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റേയും ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ ട്രൈബൽ ഓഫീസറുടേയും മികച്ച ഇടപെടൽ ഉണ്ടെന്നും എംഎൽഎ പറഞ്ഞു.
കടുവ ആക്രമണത്തിന്റെ ഭീതിയിലായ റാന്നിയിൽ സ്കൂൾ തുറക്കുന്ന പശ്ചാത്തലം കൂടിയായതിനാൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. വടശേരിക്കരയിലും പെരുനാടിലും അപകടകരമായ സാഹചര്യമുണ്ട്. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ എല്ലാ സങ്കീർണതകളും പരിഹരിച്ച് കടുവയെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടർ നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. വനമേഖലകളിൽ സോളാർ വേലി സ്ഥാപിക്കണം. പെരുന്തേനരുവി ഡാമിൽ പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിയും മണലും വാരി വീണ്ടും ഡാമിലേക്ക് നിക്ഷേപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ കെഎസ്ഇബി അടിയന്തിരമായി തുടർനടപടി സ്വീകരിക്കണം. റാന്നിയിലെ പല പ്രദേശങ്ങളിലേയും വൈദ്യുത പോസ്റ്റുകൾ തമ്മിൽ അകൽച്ച കുറവാണ്. മാത്രമല്ല വൈദ്യുത ലൈനുകൾ താഴ്ന്ന് അപകടകരമാം വിധത്തിൽ കിടക്കുകയാണ്. ഇക്കാര്യം കെഎസ്ഇബി പരിശോധിക്കണം. പ്രളയം ഉണ്ടാകുന്നത് കണക്കിലെടുത്ത് ട്രാൻസ്ഫോമറുകൾ ഉയർത്തി വയ്ക്കണം. കോളാമല ഭാഗത്ത് സ്ട്രീറ്റ് മെയിൻസ് സ്ഥാപിക്കണം. പത്തനംതിട്ട- ളാഹ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തണം. തോട്ടം തൊഴിലാളികൾ ഭീമമായ ഓട്ടോക്കൂലി കൊടുത്താണ് യാത്ര ചെയ്യുന്നത്. സ്കൂൾ തുറക്കുന്നപശ്ചാത്തലത്തിൽ രാവിലേയും വൈകുന്നേരവും മലയോരമേഖലയിലേക്കുള്ള ബസ് സർവീസ് നടത്തണമെന്നും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളും നിർമാണ പ്രവർത്തികളും വേഗത്തിൽ പൂർത്തിയാക്കണമെന്നും എംഎൽഎ പറഞ്ഞു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ കുമ്പഴ വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള മൺകൂനകൾ എത്രയും വേഗത്തിൽ നീക്കി ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന് പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ മികച്ച രീതിയിൽ പൂർത്തിയാക്കണം. കളക്ടേറ്റ്, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ എല്ലാ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസറെ നിയമിക്കണമെന്നും കൂടാതെ ഒരു നോഡൽ ഓഫീസർ വേണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ല മാലിന്യസംസ്കരണരംഗത്തെ മാതൃകയാകണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ഓരോ വകുപ്പും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തി സർക്കാരിന്റെ ഉത്തരവ് അനുസരിച്ച് മുന്നോട്ട് പോകണം. എഡിഎം ഇക്കാര്യം ഏകോപിപ്പിക്കണം. ഓരോ സർക്കാർ ഓഫീസുകളിലുമുള്ള മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിന് പ്രത്യേക പദ്ധതിയുണ്ടാക്കണം. ഇത് നോഡൽ ഓഫീസർമാർ ഏകോപിപ്പിക്കണം. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും ഇല്ലെങ്കിൽ ദുരന്തനിവാരണ നിയമത്തിന്റെ കീഴിൽ കൊണ്ടുവന്ന് ഉത്തരവാക്കി പുറത്തിറക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, തിരുവല്ല സബ് കളക്ടർ സഫ്ന നസറുദ്ദീൻ, എഡിഎം ബി. രാധാകൃഷ്ണൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ സാബു സി മാത്യു തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


