ദേശീയ വിദ്യാഭ്യാസ നിയമം രാജ്യത്തെ എല്ലാവർക്കും വിദ്യാഭ്യാസമെന്ന ലക്ഷ്യത്തിനെതിര് : സുഭാഷിണി അലി

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: രാജ്യത്ത് സാമൂഹ്യനീതിയും ലിംഗസമത്വവും ശാസ്ത്രീയ ചിന്താഗതിയും അട്ടിമറിക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം സുഭാഷിണി അലി പറഞ്ഞു. രാജ്യത്ത് എല്ലാവർക്കും വിദ്യാഭ്യാസം എന്ന പൊതുലക്ഷ്യവും പുതിയ ദേശീയ നയം അട്ടിമറിക്കും. തിരുവല്ലയിൽ എകെപിസിടിഎ 66–-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി.
സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്. പ്രശസ്തമായ ജവഹർലാൽ നെഹ്റു സർവകലാശാലയ്ക്ക് ആവശ്യമായ ഗ്രാൻഡുകൾ കുറയ്ക്കുന്നു. അശാസ്ത്രീയ പാഠ്യ പദ്ധതിയാണ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. കേരളം അതിൽനിന്ന് മാറി ചിന്തിക്കുന്നത് ആശാവഹമാണ്.

രാജ്യത്തെ 60 ശതമാനത്തോളം ജനങ്ങൾക്ക് ഇന്നും അടിസ്ഥാന വിദ്യാഭ്യാസം വേണ്ട രീതിയിൽ ലഭിക്കുന്നില്ല. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തം കെട്ടിടം പോലും ഇല്ല. പലതും മരച്ചുവടുകളിലാണ് ഇപ്പോഴും നടക്കുന്നത്. അവിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അത്തരം സ്ഥാപനങ്ങളിൽ പരീക്ഷകൾ നടത്തുന്നതും വിദ്യാർഥികളെ വിജയിപ്പിക്കുന്നതും സ്വകാര്യ മാനേജ്മെന്റിന്റെ താല്പര്യമനുസരിച്ചും.

കേരളത്തിൽ മാത്രമാണ് കൂടുതൽ കുട്ടികൾ സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ചേരുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ 72,000 ഓളം സർക്കാർ സ്കൂളുകളാണ് പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലായി പൂട്ടിയത്. സർക്കാർ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്തുന്നുമില്ല. അധ്യാപകർ അവരുടെ സേവന വേതന വ്യവസ്ഥകൾ സംരിക്ഷിക്കുന്നതിനൊപ്പം ജനാധിപത്യം, മതേതരത്വം, ഫെഡറലിസം എന്നീ മൂല്യങ്ങൾ സംരക്ഷിക്കാനും പോരാടണമെന്ന് സുഭാഷിണി അലി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ‍ഡോ. കെ ബിജുകുമാർ അധ്യക്ഷനായി.
മന്ത്രി ആർ ബിന്ദു മുഖ്യ പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,സ്വാഗത സംഘം ചെയർമാൻ പി ബി ഹർഷകുമാർ, എൻ ജി ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എ നജീബ്, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയിസ് പ്രസിഡൻ്റ് പി കെ മുരളീധരൻ, എകെജി സി ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ: സന്തോഷ് വർഗീസ്, എഫ് യു ടി എ വൈസ് പ്രസിഡൻ്റ് ഡോ. എ പ്രേമ, കെ എൻ ടി ഇ ഒ സെക്രട്ടറി ഡോ.വൈ ഓസ്ബോ, ഡോ.എസ് സോജു എന്നിവർ സംസാരിച്ചു.

@ സന്തോഷ് സദാശിവമഠം

 

Leave a Reply

Your email address will not be published. Required fields are marked *