കോന്നി – ജനക്ഷേമപരമായി ഭരണം മുന്നോട്ട് കൊണ്ടുപോകുകയാണ് സംസ്ഥാനസർക്കാർ നവകേരളസദസിലൂടെ ലക്ഷ്യമിടുന്നതെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ. നവകേരളസദസ് പുതിയ ചരിത്രമാകും. ജനങ്ങളുടെ വിവിധ പരാതികൾ നേരിട്ട് കേൾക്കുകയും പരിഹാരം കാണുകയുമാണ് നവകേരള സദസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന നവകേരള സദസ് ഡിസംബർ 17നാണ് കോന്നിയിൽ സംഘടിപ്പിക്കുന്നത്.
ഏഴുവർഷം കൊണ്ട് വികസനരംഗത്ത് മഹാത്ഭുതങ്ങൾ സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചു. ഇച്ഛാശക്തിയോടെ ഏറ്റെടുത്ത ഓരോ വികസനപ്രവർത്തനവും പ്രാവർത്തികമാക്കി. ഓരോ മന്ത്രിയുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച താലൂക്കുതല അദാലത്തുകളിലൂടെ ലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ പരാതികളാണ് പരിഹരിച്ചതെന്നും മുഖ്യമന്ത്രി കോന്നിയിലേക്കെത്തുന്ന നിമിഷത്തെ ചരിത്രനിമിഷമാക്കി മാറ്റണമെന്നും എംഎൽഎ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാജോർജ്, ജില്ലാകളക്ടർ എ. ഷിബു, കെ. പി ഉദയഭാനു, പി.ആർ ഗോപിനാഥൻ, പി.ജെ അജുകുമാർ എന്നിവരെ നവകേരളസദസ് സംഘാടകസമിതി രക്ഷാധികാരികളായും, ജനറൽ കമ്മറ്റി ചെയർമാൻ അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎയും കൺവീനറായി പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ. രശ്മിമോളെയും തിരഞ്ഞെടുത്തു. ഫിനാൻസ്, പബ്ലിക് മാനേജ്മെന്റ്, ഹെൽത്ത്, സ്റ്റേജ് , കൾച്ചറൽ , വെഹിക്കിൾ ആൻഡ് ട്രാഫിക് മാനേജ്മെന്റ്, ഫുഡ് , എമർജൻസി, ലൈറ്റ് ആൻഡ് സൗണ്ട് , വാളണ്ടിയർ, ഇൻവിറ്റേഷൻ, തുടങ്ങിയ സബ് കമ്മിറ്റികളും രൂപീകരിച്ചു.
പഞ്ചായത്തുതലത്തിൽ സംഘാടകസമിതികൾ ചേരണമെന്നും എംഎൽഎ നിർദ്ദേശം നൽകി. ജില്ലാകളക്ടർ എ. ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ തുളസീധരൻപിള്ള, കെ.എസ് ഗോപി, ഡെപ്യുട്ടി കളക്ടർ ജേക്കബ് ടി ജോർജ്, കെ.പി ഉദയഭാനു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.


