തിരുവല്ല – ജനഹിതമറിയുകയെന്ന ആശയ ആവിഷ്‌കാരം പ്രാവർത്തികമാക്കുകയാണ് നവകേരളസദസെന്നു അഡ്വ. മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. തിരുവല്ല നിയോജകമണ്ഡലം നവകേരളസദസ് സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം സെന്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ നിർവഹിക്കുകയായിരുന്നു എം എൽ എ. നവകേരളനിർമിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചെത്തുന്നുവെന്ന പുതിയ ആശയമാണ് നവകേരള സദസിലൂടെ സാധ്യമാകുന്നത്. വ്യത്യസ്ത മേഖലയിൽ സർക്കാർ നടത്തുന്ന വികസന ക്ഷേമ പ്രവർത്തങ്ങൾ ജനങ്ങളിലെത്തിക്കാനും അവരുടെ പ്രതികരണം അറിയുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ച സർക്കാർ ജനപക്ഷത്തുനിന്ന് അവയെ അതിജീവിച്ചു. വികസന രംഗത്ത് ദീർഘകാലമായി മുടങ്ങി കിടന്ന പല പദ്ധതികളും ഏറ്റെടുത്തു വിജയത്തിലെത്തിച്ചു. അനുഭവസ്ഥരുമായി സർക്കാരിന്റെ നേട്ടങ്ങൾ പങ്കു വയ്ക്കുന്ന നവകേരളസദസിൽ വിവിധ മേഖലകളിൽ പ്രമുഖരായ വ്യക്തികൾ പ്രത്യേകം ക്ഷണിതാക്കളായി പങ്കെടുക്കുമെന്നും എംഎൽഎ പറഞ്ഞു.
ഡിസംബർ 16ന് വൈകിട്ട് ആറിന് നടക്കുന്ന തിരുവല്ല നിയോജകമണ്ഡലം നവകേരള സദസിന്റെ സംഘാടക സമിതി രൂപീകരിച്ചു. അഡ്വ. മാത്യു ടി തോമസ് എംഎൽഎ ചെയർമാനും സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ കൺവീനറുമാകും. വിവിധ ചുമതലകൾ നിർവഹിക്കുന്നതിനായി ഭക്ഷണം, സ്റ്റേജ്, മൈക്ക് അനുബന്ധ ഒരുക്കങ്ങൾ, റിസപ്ഷൻ, ആരോഗ്യം, വിഐപി, ശുചികരണം, മീഡിയയും പ്രചാരണവും, സാംസ്‌കാരിക പരിപാടി,സാങ്കേതികവശം, ക്രമസമാധാനം എന്നീ വിഭാഗങ്ങളിൽ സബ്കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സബ്കമ്മിറ്റിയുടെ യോഗം തിരുവല്ല ഡയറ്റ് ഹാളിൽ നവംബർ ഒന്നിന് ചേരും. പഞ്ചായത്ത് തല കമ്മിറ്റിയുടെ ചെയർമാൻമാരെയും തിരഞ്ഞെടുത്തു. അതാത് വില്ലേജ് ഓഫീസർമാർ കൺവീനർമാരാകും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എ. ഷിബു, സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



