തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ട്രിവാൻഡ്രം ക്ലബിലെ ഒരു ക്വാർട്ടേഴ്സിൽ നിന്ന് പിടികൂടിയ ചീട്ടുകളി സംഘത്തിലെ പ്രമുഖനെക്കണ്ടു പോലീസും ഞെട്ടി. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ എസ്.ആർ വിനയകുമാർ ആണ് ആ പ്രതി. പൊതുമേഖലാ സ്ഥാപനമായാ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി കൂടിയാണ് എസ്.ആർ. വിനയകുമാർ. കേസിൽ വിനയകുമാറിനെ ഒന്നാം പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ ഒമ്പതുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. 5.6 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ക്ലബ്ബിലെ അഞ്ചാംനമ്പർ കോട്ടേഴ്സിലായിരുന്നു ഇവർ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്.

യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡിയുടെ പേരിലാണ് ക്ലബിൽ സംഘം മുറിയെടുത്തത്. എന്നാൽ ആരാണ് മുറിയെടുത്തത് എന്നറിയില്ലെന്നായിരുന്നു വിനയകുമാർ ആദ്യം പറഞ്ഞത്. ഇതിനിടെയാണ് കേസിലെ പൊലീസ് എഫ് ഐ ആർ പുറത്തു വന്നത്. ഇതിൽ ഒന്നാം പ്രതിയാണ് വിനയ് കുമാർ. ഇതോടെ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് എംഡി സ്ഥാനം വിനയകുമാറിന് നഷ്ടമാകുമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. മുമ്പ് പല അഴിമതികളിലും യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് സ്ഥാനം പിടിച്ചിരുന്നു. അന്നൊന്നും സർക്കാർ എംഡിക്കെതിരെ നടപടി എടുത്തിരുന്നില്ല. എന്നാൽ കോടിയേരിയുടെ മരണത്തിന്റെ ഒന്നാം വാർഷികത്തിന്റെ തലേദിനം വിനയ്കുമാറിന്റെ പേരിലെ മുറിയിൽ ചീട്ടു കളി നടന്നത് സർക്കാർ ഗൗരവത്തോടെ എടുക്കും എന്നാണറിയുന്നത്.
കേരള സർക്കാറിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന സ്ഥാപനം ദിവസവും ലക്ഷകണക്കിന് രൂപ നഷ്ടം വരുത്തുന്ന സ്ഥിതിയിലായിരുന്നു 2022ൽ. കെടുകാര്യസ്ഥതയുടെയും അഴുമതിയുടെയും കൂത്തരങ്ങാണ് മോട്ടോർകമ്പനി എന്ന് വിളക്കപ്പെടുന്ന ഈ സ്ഥാപനം, മാനേജിഗ് ഡയർക്ടർ മുതൽ ഓഫീസ് സ്റ്റാഫ് വരെ രാഷ്ട്രീയ നിയമനമാണ്. കെ.എസ്.ഇ.ബി യിൽ നിന്നും ഡെപ്യൂട്ടി ചീഫ് എൻജീനിയറോ, ചീഫ് എക്സിക്യൂട്ടിവ് എൻജീനിയറോ ആണ് മുൻകാലങ്ങളിൽ ഈ സ്ഥാപനത്തിന്റെ എംഡി പോസ്റ്റിൽ ജോലി ചെയ്തിരുന്നത്. ഇലകട്രിക് ഉപകരണങ്ങൾ ഉണ്ടാക്കുന്ന ഈ സ്ഥാപനത്തിലെ മാനേജിഗ് ഡയറക്ടർ ടെക്നിക്കൽ അറിവുകളുള്ള ആളാകണം എന്ന സാമാന്യയുക്തി പോലും മലയാളം എം.എക്കാരനായ വിനയകുമാറിന്റെ നിയമനത്തിൽ പാലിച്ചിട്ടില്ല എന്നാണാരോപണം.
തിരുവനന്തപുരത്തെ മുൻനിര ആഡംബര ക്ലബ്ബാണ് വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബ്ബ്. ലക്ഷങ്ങൾ അംഗത്വ ഫീസ് കൊടുക്കണം. ഇതിനൊപ്പം സമൂഹത്തിലെ മുൻനിരക്കാർക്ക് മാത്രമേ അംഗത്വം നൽകുകയുമുള്ളൂ. രാഷ്ട്രീയക്കാരും ഐഎഎസുകാരും ഐപിഎസുകാരും എല്ലാം അംഗങ്ങൾ. പ്രമുഖ സിനിമാക്കാരുടെ ഇഷ്ട താവളം. ഇതിന് അകത്ത് തോക്കെടുത്ത് കാട്ടി താരമായ താരം പോലും ഉണ്ട്. എങ്കിലും ഉന്നതരുടെ ഈ ക്ലബ്ബിലേക്ക് പൊലീസ് കടക്കാറില്ല. ഈ ക്ലബ്ബിലേക്കാണ് മ്യൂസിയം പൊലീസ് റെയ്ഡിനായി ഓടിയെത്തിയത്. കോടിയേരിയുടെ ഭാര്യ വിനോദിനിയുടെ സഹോദരൻ വിനയകുമാറിന്റെ പേരിലുള്ള മുറിയിൽ തന്നെ അവർ കൃത്യമായി എത്തി. ആളുകളെ പിടിക്കുകയും ഇതെല്ലാം നടന്നത് കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലുള്ള മുറിയിലാണെന്ന് വ്യക്തമായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതോടെ എസ് ആർ വിനയകുമാറിനെതിരെ ചാനലുകളിൽ ഫ്ളാഷ് ന്യൂസ് എത്തി. മുമ്പ് മറ്റൊരു കേസിൽ തലശ്ശേരിയിൽ ഇതേ കുടുംബത്തിലെ മറ്റൊരു അംഗവും ചീട്ടുകളിയുമായി ബന്ധപ്പെട്ട കേസിൽ കുടുങ്ങിയിട്ടുണ്ട്.


