കാമുകിയ്ക്ക് പിന്നാലെ കാമുകനും അറസ്റ്റിൽ: അൻവർഷയെ അറസ്റ്റ് ചെയ്തത് കറ്റാനം മുതൽ കൈപ്പട്ടൂർ വരെ ഓടിച്ച്

Crime

അടൂർ: കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വയോധികനെ പിന്തുടർന്ന് മാല പൊട്ടിച്ച കേസിൽ പ്രധാന പ്രതിയും പിടിയിൽ. കായംകുളം പേരിങ്ങല മാരൂർതറ പടീറ്റതിൽ മുഹമ്മദ് അൻവർഷാ(24)യാണ് പിടിയിലായത്. കേസിൽ രണ്ടാം പ്രതിയായ ഇയാളുടെ കാമുകി കൃഷ്ണപുരം പുള്ളിക്കണക്ക് ചാലക്കൽ കോളനിയിൽ ശിവജി വിലാസം വീട്ടിൽ സരിത(27)യെ സംഭവം നടന്ന ഉടനെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി ഏട്ടരയ്ക്ക് പതിനാലാം മൈലിൽ കട നടത്തുന്ന പെരിങ്ങനാട് സ്വദേശി തങ്കപ്പ (61)ന്റെ അഞ്ചു പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തി പ്രതികൾ പൊട്ടിച്ചെടുത്തത്. തങ്കപ്പനും മോഷ്ടാക്കളുമായി പിടിവലിയുണ്ടായി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ തടഞ്ഞു വയ്ക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പൊട്ടിച്ചെടുത്ത സ്വർണമാല സരിതയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇരുവരും കേരളത്തിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇരുപതിലധികം മോഷണ കേസുകളിൽ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അൻവർഷായെ നാട്ടുകാരും പോലീസും രാത്രി മുഴുവൻസ്ഥലത്തും പരിസരത്തും തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം, ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ, ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ, പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.

കായംകുളം കറ്റാനത്ത് ഇയാൾ ഒളിവിൽ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച രാത്രി പോലീസ് എത്തിയപ്പോഴേക്കും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ പാഞ്ഞ പോലീസ് സംഘം 40 കിലോമീറ്ററോളം പിന്തുടർന്ന ശേഷം കൈപ്പട്ടൂർ ജങ്ഷനു സമീപം വച്ച് സാഹസികമായി കീഴടക്കുകയായിരുന്നു. എസ്.ഐ എം മനീഷ്, സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, എം ആർ മനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർച്ചിൽ തെങ്ങമം കോണത്ത് കാവ് ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം നടത്തിയതും ഈ പ്രതികളാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇവർ കൂടുതൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കടയുടമ തങ്കപ്പന്റെ ചെറുത്തു നിൽപ്പാണ് പ്രതികൾ പിടിയിലാകാൻ കാരണമായത്. തങ്കപ്പൻ ബലം പ്രയോഗിക്കുകയും പ്രതികളുമായി മൽപ്പിടുത്തം ഉണ്ടാവുകയും ചെയ്തു. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ സരിതയെ തടഞ്ഞു വച്ച് അതുവഴി വന്ന പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിനെ വിവരം അറിയിച്ചു.

കട അടച്ച ശേഷം വീട്ടിൽ പോകാൻ നിന്ന തങ്കപ്പന്റെ അടുത്ത് വന്ന് ബൈക്ക് നിർത്തിയ കമിതാക്കൾ ഞങ്ങളെ അറിയില്ലേ എന്നു ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ് തങ്കപ്പൻ തന്റെ വാഹനമോടിച്ച് പോയി. പിന്നാലെ ചെന്ന പ്രതികൾ തങ്കപ്പന്റെ കഴുത്തിൽ കിടക്കുന്ന അഞ്ചു പവന്റെ മാല പറിച്ചെടുക്കാൻ നോക്കി. വാഹനം ഓടിച്ചിരുന്ന അൻവർഷയാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. പരിഭ്രമിച്ച് പോയ തങ്കപ്പൻ വാഹനം വേഗത്തിൽ മുന്നോട്ട് വിട്ടു. ഓവർടേക്ക് ചെയ്തു കയറിയ പ്രതികൾ തങ്കപ്പന്റെ വാഹനം തങ്ങളുടെ ബൈക്ക് കുറുകെ വച്ച് തടഞ്ഞു.

പിന്നെ ഇരുകൂട്ടരും തമ്മിൽ മൽപ്പിടുത്തം നടന്നു. ഇതിനിടെ തങ്കപ്പന്റെ കഴുത്തിലെ മാല പ്രതികൾ പൊട്ടിച്ചെടുത്തു. മാല വലിച്ചെടുക്കുന്നതിനിടെ തങ്കപ്പന്റെ കഴുത്തിന് മുറിവേറ്റു. തടയാൻ ശ്രമിച്ച തങ്കപ്പനെ പ്രതികൾ അടിക്കുകയും ഇടിക്കുകയും കടിക്കുകയും ചെയ്തു. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാർ സരിതയെയും ഇവർ വന്ന മോട്ടോർ സൈക്കിളും തടഞ്ഞു വച്ചു. അപ്പോഴാണ് പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാർ അവിടെ എത്തിയത്.

അദ്ദേഹം സരിതയെ കസ്റ്റഡിയിൽ എടുത്തു. രക്ഷപ്പെട്ട പ്രതിയുടെ പേര് അൻവർഷ എന്നാണെന്നും ഇരുവരും വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പതിനഞ്ചിലധികം മോഷണ കേസുകളിൽ പ്രതികളാണെന്നും പോലീസ് അറിയിച്ചു. പൊട്ടിച്ചെടുത്ത സ്വർണമാല സരിതയിൽ നിന്നും പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് അട്ടകുളങ്ങര വനിതാ ജയിലിലേക്ക് അയച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *