ഫേസ്ബുക്ക് കമന്റിന്റെ പേരിൽ വീടുകയറി ആക്രമണവും വെട്ടും

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍: ഫേസ്ബുക്കില്‍ കമന്റിട്ടതിന്റെ പേരില്‍ വീടുകയറി ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കള്‍ രാത്രി 10 30 ന് അടൂര്‍ ചൂരക്കോട് ബദാം മുക്ക് കല്ലുവിളയില്‍ അനന്തു(28)വിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഇയാളെയും, സുഹൃത്ത് മണ്ണടി പാറവിള പുത്തന്‍വീട്ടില്‍ അയ്യപ്പനെ(36)യും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കേസിലെ ഒന്നും രണ്ടും പ്രതികളായ മണക്കാല വട്ടമലപ്പടി കൊച്ചുപ്ലാവിള പടിഞ്ഞാറ്റേതില്‍ വിഷ്ണു മോഹന്‍ (30), മണക്കാല ചിറ്റാണിമുക്ക് അജിന്‍ ഭവനില്‍ അജിന്‍ (28) എന്നിവരെയാണ് ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. അനന്തുവും കുടുംബവും താമസിക്കുന്ന കല്ലുവിളയില്‍ വീടിന്റെ മുന്‍വശത്ത് നിന്ന ഇയാളെ അസഭ്യം വിളിച്ചുകൊണ്ട് പ്രതികള്‍ വീടിനു നേരേ ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞു. തുടര്‍ന്ന്, വടിവാളുമായി ആക്രോശിച്ചുകൊണ്ട് സിറ്റൗട്ടില്‍ ഇരുന്ന സുഹൃത്ത് അയ്യപ്പനെയും, അനന്തുവിനെയും വെട്ടാന്‍ പാഞ്ഞെത്തി .

വീടിനുള്ളിലേക്ക് ഓടിക്കയറിയപ്പോള്‍ അനന്തുവിന്റെ തലയ്ക്കുനേരെ വെട്ടി. രക്ഷപ്പെടുത്താന്‍ ഇടയ്ക്കു കയറിയ അയ്യപ്പനെയും വെട്ടി. ഇയാള്‍ താഴെ വീണപ്പോള്‍ അനന്തുവിനെ വീണ്ടും വെട്ടിയെങ്കിലും കൈ കൊണ്ട് തടഞ്ഞു. വലതു കൈയില്‍ ആഴത്തില്‍ മുറിവേറ്റു. ഓടിരക്ഷപ്പെട്ട അയ്യപ്പന്‍ സുഹൃത്തിന്റെ ബൈക്കിന് പിന്നില്‍, ചികിത്സയ്ക്കായി അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വരുമ്പോള്‍ നെല്ലിമൂട്ടിപ്പടിയില്‍ കാര്‍ ഇട്ട് തടഞ്ഞുനിര്‍ത്തി കമ്പി, കമ്പ് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. കൈകളിലും തലയ്ക്കും പുറത്തും അടികൊണ്ട് പരിക്കേറ്റു.

അയ്യപ്പന്റെ മൊഴി രേഖപ്പെടുത്തി വധശ്രമത്തിന് കേസ് എടുത്ത ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. വടിവാളുകള്‍ മൂന്നാം പ്രതി ദീപുവിന്റെ കയ്യില്‍ കൊടുത്തെന്നും, മറ്റ് ആയുധങ്ങള്‍ വഴിയില്‍ എവിടെയോ ഉപേക്ഷിച്ചെന്നും പ്രതികള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ രാജേഷ, എ എസ് ഐമാരായ രാധാകൃഷ്ണന്‍, രമേശ്കുമാര്‍, എസ് സി പി ഓ മുജീബ്, സി പി ഓ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *