പത്തനംതിട്ട – ഒക്ടോബർ ഒന്ന് രണ്ട് തീയതികളിൽ ജില്ലയിൽ തീവ്ര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്ത് , നഗരസഭ അദ്ധ്യക്ഷന്മാരുടേയും സെക്രട്ടറിമാരുടേയും ജില്ലാതല അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ശുചീകരണപ്രവർത്തനങ്ങൾ നടത്തും. ഒക്ടോബർ 30 ന് സ്‌കൂളുകളിൽ ഹരിത അസംബ്ലിയും ശുചിത്വപ്രതിജ്ഞയും സംഘടിപ്പിക്കും. നവംബർ 14 ന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വിദ്യാർത്ഥികളുടെ ഹരിതഗ്രാമസഭ സംഘടിപ്പിക്കും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടേയും പങ്കാളിത്തം പ്രധാന അധ്യാപകർ ഉറപ്പാക്കണം. പൊതുഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ നിരീക്ഷണവും കടുത്ത നടപടിയും ഏർപ്പെടുത്തും.
ഒക്ടോബറോടെ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഹരിതമിത്ര ആപ്പ് പൂർണരീതിയിൽ പ്രവർത്തനസജ്ജമാക്കണം. ശുചിത്വപ്രോജക്ടുകളുടെ നിർവഹണം കാര്യക്ഷമമാക്കണം. ശുചിത്വപ്രവർത്തനങ്ങൾക്കായി കേന്ദ്രസംസ്ഥാനങ്ങളുടെ ഫണ്ട് കൂടുതലായി ഉപയോഗപ്പെടുത്തി ആവശ്യമെങ്കിൽ വാർഷിക പദ്ധതി പരിഷ്‌ക്കരിക്കണം. ബ്ലോക്ക്തലത്തിലുള്ള നിരീക്ഷണസമിതികൾ രൂപീകരിച്ച് തദ്ദേശസ്ഥാപനതലത്തിലുള്ള ശുചിത്വപ്രഖ്യാപന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തണമെന്നും എംസിഎഫുകളുടെ നവീകരണപ്രോജക്ടുകൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ പി. രാജേഷ് കുമാർ, നവകേരളം ജില്ലാ കോർഡിനേറ്റർ ജി. അനിൽകുമാർ, ശുചിത്വ മിഷൻ കോർഡിനേറ്റർ ബൈജു. ടി. പോൾ,നഗരസഭ ചെയർമാൻമാർ, ബ്ലോക്ക് ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ക്ലീൻ കേരള കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


